ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ നിയമനം; കോൺഗ്രസിൽ അമർഷം, പരാതിയുമായി എ ഗ്രൂപ്
text_fieldsകല്പറ്റ: പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ജില്ലയിലെ കോൺഗ്രസിൽ അമർഷം പുകയുന്നു. അപ്രതീക്ഷിതമായി പലർക്കും പദവി ലഭിച്ചപ്പോൾ സ്ഥാനം ഉറപ്പിച്ച ചിലർ പട്ടികയിൽ നിന്ന് പുറത്തായി. പുതിയ പട്ടികയിൽ തങ്ങളെ തഴഞ്ഞുവെന്ന പരാതി പ്രധാനമായും എ ഗ്രൂപ്പിനാണുള്ളത്.
ജില്ലയിലെ ആറ് ബ്ലോക്ക് കമ്മിറ്റികളിലും പുരുഷന്മാര്ക്കാണ് അധ്യക്ഷ പദവിയില്‍ നറുക്കുവീണത്. വനിത പ്രാതിനിധ്യം ഇല്ലാത്തത് മഹിള കോൺഗ്രസിലും അതൃപ്തിക്ക് ഇടയാക്കി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രസിഡന്റ് പദവിയില്‍ അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു മഹിള കോണ്‍ഗ്രസ് ജില്ല നേതൃത്വം.
എ ഗ്രൂപ്പിന് നേരത്തേ മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാർ ഉണ്ടായിരുന്നപ്പോൾ ഇത്തവണ പ്രാതിനിധ്യം കുറഞ്ഞുവെന്നാണ് ഇവരുടെ ആരോപണം. പോഷക സംഘടനകളിൽ ജില്ലയിൽ ആധിപത്യം എ ഗ്രൂപ്പിനാണ്. ഇത് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിൽ പ്രതിഫലിച്ചിെല്ലന്നാണ് ആരോപണം.
മുൻമന്ത്രി പി.കെ. ജയലക്ഷ്മിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയെന്ന ആരോപണത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ആളെ ബ്ലോക്ക് പ്രസിഡന്റാക്കിയതായും ഒരു വിഭാഗം ആരോപിക്കുന്നു. അതേസമയം, ഡി.സി.സി പ്രസിഡന്റ് നിർദേശിച്ചയാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്ന ആരോപണവുമുണ്ട്.
നേതൃത്വത്തിന്റെ നിർദേശം പാലിക്കാത്തതിനെ തുടർന്ന് സ്ഥാനത്തു നിന്നും പുറത്താക്കിയ ആളെ വീണ്ടും പ്രസിഡന്റാക്കിയതിനെതിരെയും ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. സ്ഥാനത്തു നിന്നും മാറ്റിയതിനെ തുടർന്ന് പാർട്ടിയിൽ സജീവമല്ലാതിരുന്ന ആളെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
കല്പറ്റയില് ബി. സുരേഷ്ബാബുവും വൈത്തിരിയില്‍ പോള്സന് കൂവക്കലും പനമരത്ത് ജിന്സന് തൂപ്പുംകരയും മാനന്തവാടിയില്‍ എ.എം. നിശാന്തും മീനങ്ങാടിയില്‍ വര്‍ഗീസ് മുരിയന്കാവിലും ബത്തേരിയില്‍ കെ.ആര്. സാജനുമാണ് പ്രസിഡന്റായത്. ബ്ലോക്ക് അധ്യക്ഷ പദവിയില്‍ പുതുമുഖങ്ങളാണ് ഇവര്‍. എ.എം. നിഷാന്തും പോള്സന് കൂവക്കലും നിലവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരാണ്.