മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഗൂഢാലോചനയെന്ന് ആരോപണം
text_fieldsകല്പറ്റ: മുട്ടില്‍ മരം മുറി കേസിൽ സർക്കാർ തലത്തിൽതന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപണം. മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളിൽനിന്ന് മുറിച്ച മരങ്ങൾ നിലവിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഫോറസ്റ്റ് ഡിപ്പോയിലാണുള്ളത്. ഇവ ലേലം ചെയ്യുന്നതിന് വനം ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വകുപ്പിനെ അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്യാൻ ഇടയാക്കിയത് ഗൂഢാലോചന മൂലമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി, രാമകൃഷ്ണന് തച്ചമ്പത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
അഗസ്റ്റിൻ സഹോദരന്മാരാണ് പ്രതികൾ. ഇതിൽ വാഴവറ്റ റോജി അഗസ്റ്റിന്റെ റിവിഷന്‍ ഹരജിയിലാണ് ലേലം ഹൈകോടതി തടഞ്ഞത്. റിവിഷൻ ഹരജി തീര്‍പ്പാകുന്നതുവരെ ലേല നടപടികളുമായി മുന്നോട്ടുപോകരുതെന്നാണ് ഹൈകോടതി ഉത്തരവ്. മരംമുറിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാറും പ്രതികളും നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഫലമാണിത്. ഗവ. പ്ലീഡര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒ മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സമയബന്ധിതമായി ലഭ്യമാക്കിയില്ല. മുട്ടില്‍ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട മരങ്ങള്‍ വനം വകുപ്പിന്റേതല്ലെന്നാണ് വകുപ്പു മന്ത്രിയുടെ വിചിത്രവാദം. സര്‍ക്കാറിന് ഉടമാവകാശമുള്ള മരങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വനം വകുപ്പിനുണ്ട്. ഇക്കാര്യം മന്ത്രിക്ക് അറിയാത്തതല്ല. വനംവകുപ്പിന്റെ വീഴ്ചകള്‍ കേസില്‍ പ്രോസിക്യൂഷനെ ദുര്‍ബലമാക്കുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട പോലീസ് കേസുകള്‍ പ്രധാനമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങളുടെ മോഷണം നടന്നുവെന്ന ആരോപണം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ പിടിച്ചെടുത്ത തടികള്‍ സര്‍ക്കാര്‍ സ്വത്താണെന്ന് സ്ഥാപിക്കുന്നതില്‍ വന വകുപ്പിന്റെ കണ്ടുകെട്ടല്‍ നടപടികള്‍ നിര്‍ണായകമായിരുന്നു. ഇത് ദുര്‍ബലമാകുന്ന സാഹചര്യം മോഷണക്കേസുകളിലും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകളിലും പ്രതിഭാഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മരം മുറിക്കേസുകളുടെ അന്വേഷണവും പ്രോസിക്യൂഷന് നടപടികളും സമഗ്രമായി പുനഃപരിശോധിക്കണം. കാലതാമസമില്ലാതെ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍നടപടി വേഗത്തിലാക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ നടപടിയില്ലെങ്കിൽ തുടർ പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

