കാര്‍ഷിക വിള സംസ്കരണം: ധനസഹായത്തിന് അപേക്ഷിക്കാം
text_fieldsകൽപറ്റ: കൃഷി വകുപ്പ് നടപ്പാക്കുന്ന കാര്‍ഷിക വിള സംസ്കരണ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്ഷികോൽപന്ന സംസ്കരണത്തിനും വിപണനത്തിനും പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് ധനസഹായം അനുവദിക്കും.
സര്‍ക്കാര്‍, പൊതുമേഖല, സഹകരണ തലത്തിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, കര്‍ഷക ഉൽപാദന കമ്പനികള്‍ എന്നിവക്ക് അപേക്ഷ നല്‍കാം. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി കണ്‍സോര്‍ഷ്യം മുഖേന 50 ശതമാനം സബ്സിഡിയായി പരമാവധി 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
സർവിസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പ്രൈമറി അഗ്രികള്‍ച്ചറല്‍ കോഓപറേറ്റീവ് സൊസൈറ്റികള്‍, കാര്‍ഷിക കർമസേന, അഗ്രോ സര്‍വിസ് സെന്റര്‍, കൃഷി ഗ്രൂപ്പുകള്‍ എന്നിവക്ക് കൊപ്ര ഡ്രയര്‍ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയായി പരാമാവധി നാല് ലക്ഷം രൂപ അനുവദിക്കും.
സര്‍വിസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പ്രൈമറി അഗ്രികള്‍ച്ചറല്‍ കോഓപറേറ്റിവ് സൊസൈറ്റികള്‍ക്ക് കാര്ഷികോൽപന്ന സംസ്കരണത്തിനും വിപണനത്തിനുമുള്ള പ്രോജക്ടുകള്‍ക്ക് 50 ശതമാനം സബ്സിഡിയായി പരമാവധി 15 ലക്ഷം രൂപ അനുവദിക്കും.
പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണനത്തിനായി കാര്‍ഷിക കർമസേനക്കും അഗ്രോ സര്‍വിസ് സെന്ററിനും ഐ.ഐ.എച്ച്.ആര് മുച്ചക്ര വാഹനത്തിന് 50 ശതമാനം സബ്സിഡിയായി പരമാവധി ഒരു ലക്ഷം രൂപ നല്‍കും. അപേക്ഷകള്‍ ജനുവരി 16 മുമ്പായി അതത് കൃഷി ഓഫിസറുടെ ശിപാര്‍ശയോടെ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ആത്മ വയനാട് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

