പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ്: സാധ്യത പരിശോധനക്ക് ഭരണാനുമതി
text_fieldsകൽപറ്റ: വയനാട്ടിലേക്ക് ചുരം ഇല്ലാതെയുള്ള ബദൽ പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ നിർമാണ സാധ്യത പരിശോധനക്ക് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി. റോഡ് നിർമാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികൾക്ക് 1.50 കോടി രൂപക്കാണ് ഭരണാനുമതി നൽകിയത്. വയനാട്ടിലേക്ക് കുരുക്കിൽപെടാതെയും ചുരമില്ലാതെയും എളുപ്പത്തിൽ എത്തുകയെന്ന കാൽ നൂറ്റാണ്ടായുള്ള ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്കാണ് ഇത് വഴിവെക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റർ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ പാത. ഇതിൽ 10.61 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 18.22കിലോമീറ്റർ വയനാട് ജില്ലയിലും ആണ്. വനമേഖലയിലൂടെയുള്ളതായതിനാൽ 25 വർഷമായി സാങ്കേതിക കുരുക്കളിൽപ്പെട്ട് മുടങ്ങിക്കിടക്കുകയാണ് ഈ റോഡിന്റെ നിർമാണം. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താൽ മതി എന്നതുമാണ് ഈ പാതയുടെ സവിശേഷത. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററിൽ 12.940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്.
നേരത്തെ ബദൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നുവെങ്കിലും പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിർത്തി വരെ റോഡ് നിർമാണം പൂർത്തിയാക്കിയതോടെ നിർമാണം വീണ്ടും നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിട്ടു നൽകിയിരുന്നു. എന്നിട്ടും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതാണ് റോഡിന്റെ നിർമാണം നിലക്കാൻ കാരണം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം മറ്റ് വകുപ്പുകളുമായി ചേർന്ന് ഉദ്യോഗസ്ഥ തലത്തിൽ വനം ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ പ്രാഥമിക പരിശോധന നടത്തി. ആ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റോഡിന്റെ സാധ്യത പരിശോധിക്കുന്ന ഇൻവെസ്റ്റിഗേഷൻ നടപടികളിലേക്ക് കടക്കുന്നത്.
സാധ്യത പരിശോധനക്ക് തുക അനുവദിച്ചത് നിരന്തര ഇടപെടല്‍ മൂലം - ടി. സിദ്ദീഖ്
കല്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നിർമാണ സാധ്യതപരിശോധനക്ക് 1.50 കോടി രൂപ അനുവദിച്ചത് നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. റോഡിനായി നിരന്തരമായി ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മന്ത്രി നല്കിയ ഉറപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ഏകോപനത്തിനും, വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍. എ ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗതതടസ്സം മൂലം അത്രയേറെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നത് വരെ റോഡിനായുള്ള ഇടപെടലുകള്‍ തുടരുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

