രാഹുൽ ഗാന്ധിക്കെതിരായ നടപടി; പ്രതിഷേധച്ചൂടിൽ വയനാട്
text_fieldsകോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ
നടന്ന പ്രതിഷേധ പ്രകടനം
കൽപറ്റ: അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വയനാട്ടിൽ പ്രതിഷേധം അലയടിച്ചു. അസാധാരണ നടപടിയിലൂടെ വയനാട്ടുകാർക്ക് എം.പി ഇല്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.
റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ട നേതാവിനെതിരെയുള്ള നീക്കത്തിൽ ചുരത്തിന് മുകളിൽ നാടെങ്ങും ജനാധിപത്യവിശ്വാസികൾക്കിടയിൽനിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്. വോട്ടർമാർ ജയിപ്പിച്ചുവിട്ട ജനപ്രതിനിധിയെ കേവലമൊരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ സ്ഥാനത്തുനിന്ന് നീക്കിയത് ഫാഷിസ്റ്റ് ഭരണകൂടം നടത്തിയ നീക്കമാണെന്നാണ് വിവിധ കോണുകളിൽനിന്നുയരുന്ന ആരോപണം.
എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട ഭീകരതയുടെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരെ ഇത്ര തിടുക്കപ്പെട്ട് നടപടിയെടുത്തതെന്നും ഇത് ജനാധിപത്യ വിശ്വാസികൾ തള്ളിക്കളയുമെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വൈകീട്ട് കൽപറ്റയിലെ വയനാട് ഡി.സി.സി ഓഫിസിൽ കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം ചേർന്നു. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഉൾപ്പെടെയുള്ള വയനാട് പാർലമെന്റ് മണ്ഡലത്തിൽ വെള്ളിയാഴ്ച വൈകീട്ട് കോൺഗ്രസിന്റെയും മറ്റു ഘടകകക്ഷികളുടെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ബ്ലോക്ക് തലത്തിലും പ്രതിഷേധ പരിപാടികൾ നടന്നു. ജില്ലയിലെ മറ്റിടങ്ങളിലും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലും പ്രതിഷേധ പ്രകടനവും പൊതുയോഗങ്ങളും നടന്നു. കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും ഉൾപ്പെടെ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് നീക്കത്തിനെതിരായി ശനിയാഴ്ചയും വരും ദിവസങ്ങളിലും ബ്ലോക്ക് തലത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഡി.സി.സിയുടെ തീരുമാനം. രാഹുൽ ഗാന്ധി എം.പിയോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരമൊരു നടപടിയെ തള്ളിപറഞ്ഞ് ജില്ലയിലെ സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തുകയും ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിനും സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബുവും നടപടിയെ അപലപിച്ച് പ്രതികരിച്ചു.
കോൺഗ്രസ് പ്രവർത്തകർ സുൽത്താൻ ബത്തേരി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ നടപടിയിലും ആത്മവിശ്വാസത്തിലാണ് വയനാട്ടിലെ യു.ഡി.എഫ് മുന്നണിയും കോൺഗ്രസ് നേതൃത്വവും പ്രവർത്തകരുമെല്ലാം. അപ്രതീക്ഷിത സംഭവവികാസത്തിന്റെ ഞെട്ടലിലാണ് നേതാക്കളെങ്കിലും ഇനിയൊരു ഉപതെരഞ്ഞെടുപ്പുണ്ടായാലും അത് കേന്ദ്ര സർക്കാറിനെതിരായ താക്കീതായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണവർ.
കൽപറ്റയിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രതിഷേധ പൊതുയോഗം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി. സി. സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് അധ്യക്ഷത വഹിച്ചു. കെ.പി. സി.സി ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.എല്‍. പൗലോസ്, കെ.പി.സി.സി അംഗം പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്, വി.എ. മജീദ്, ബിനുതോമസ്, ഗോകുല്‍ദാസ് കോട്ടയില്‍, പോള്‍സണ്‍ കൂവക്കല്‍, നജീബ് കരണി, പി.കെ. അബ്ദുറഹ്മാന്, സംഷാദ് മരക്കാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംസാരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.പി. രാജശേഖരൻ, നിസി അഹമ്മദ് ഇന്ദ്രജിത്ത്, സക്കരിയ മന്നിൽ, റ്റിജി ചെറുതോട്ടിൽ, ശ്രീജി ജോസഫ്, ജയ മുരളി, ആപ്പിൾ ജേക്കബ്, മണി ചോയിമൂല, ബാബു അമ്പലവയൽ, വിജയൻ നൂൽപ്പുഴ, ഭാസ്കരൻ അമ്പലക്കണ്ടി, ഉസ്മാൻ താഴത്തൂർ, അഡ്വ. ലയണൽ മാത്യു, ബാബു പഴുപ്പത്തൂർ, അഡ്വ. സതീഷ് പൂതിക്കാട്, സഫീർ പഴേരി, ജിനു കോളിയാടി, സണ്ണി മാസ്റ്റർ, ടി.എൽ. സാബു, എസ്. ജോസ്, ഗഫൂർ പടപ്പ്, ഹാരിസ് കല്ലുവയൽ, സി.എ. ഗോപി, ജിജി അലക്സ് എന്നിവർ നേതൃത്വം നൽകി.
മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനും പൊതുയോഗത്തിനും വി.എം. വിശ്വനാഥൻ, കെ.ഇ. വിനയൻ, ബേബി വർഗീസ്, മനോജ് ചന്ദനക്കാവ്, ടി.പി. ഷിജു, പി.ഡി. ജോസഫ്, എം.ജി. ബേബി, അനീഷ് റാട്ടക്കൂണ്ട്, വി.എസ്. ജയാനന്ദൻ, കെ. ജയപ്രകാശ്, മനു മീനങ്ങാടി, ലിന്റോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

