കൽപറ്റയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയുടെ ആത്മഹത്യ ഭീഷണി
text_fieldsമുറിയിൽനിന്ന് പിടികൂടി രമേശനെ പുറത്തേക്ക് കൊണ്ടുവരുന്നു
കൽപറ്റ: നാട്ടുകാരെയും പൊലീസിനെയും അഗ്നിരക്ഷസേനയെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി കൊല്ലം സ്വദേശിയുടെ ആത്മഹത്യ ഭീഷണി. കൽപറ്റ സിവിൽ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം പുനലൂർ അഞ്ജലി ഭവനിൽ രമേശനാണ് (48) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലൈറ്ററും കൈയിലേന്തി ആത്മഹത്യ ഭീഷണി മുഴക്കിയത്.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിരക്ഷസേന വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അടിച്ച ലോട്ടറി ടിക്കറ്റ് ചിലർ തട്ടിയെടുത്തുവെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെന്നുമാരോപിച്ചായിരുന്നു ആത്മഹത്യശ്രമം.
2020 ജനുവരിയിൽ അമ്പലവയൽ പൂപ്പൊലി പുഷ്പോത്സവത്തിനെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്നും 80 ലക്ഷം രൂപ അടിച്ചിരുന്നുവെന്നും ഇത് ചിലർ തന്ത്രപൂർവം തട്ടിയെടുക്കുകയായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. മർദിച്ച് അവശനാക്കിയശേഷം വാഴവറ്റയിൽ ഉപേക്ഷിക്കുകയായിരുന്നുവത്രേ.
ഇതുസംബന്ധിച്ച് പൊലീസിൽ നൽകിയ പരാതിയിൽ തുടർനടപടിയുണ്ടായില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യശ്രമമെന്നും ഇയാൾ പറഞ്ഞു. സിവിൽ സ്റ്റേഷനിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ ഒന്നാംനിലയിലെ മുറി അടച്ച് കുറ്റിയിട്ട് ശുചിമുറിയിലെ വെന്റിലേഷൻ വഴിയായിരുന്നു ആത്മഹത്യഭീഷണി.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവിതം മടുത്തുവെന്നും സ്വകാര്യ ഹോട്ടൽ മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും അറിയിച്ച് വയനാട് പ്രസ് ക്ലബിലേക്ക് ഇയാൾ ഫോൺ വിളിക്കുകയായിരുന്നു.
തുടർന്ന് ഫോണെടുത്ത പ്രസ് ക്ലബ് ഓഫിസ് സെക്രട്ടറി പ്രേമലത കൽപറ്റ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ പൊലീസും അഗ്നിരക്ഷസേനയും നാട്ടുകാരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ശുചിമുറിയിലെ വെന്‍ററിലേഷൻ വഴിയാണ് ഇയാൾ നാട്ടുകാരോട് സംസാരിച്ചത്.
ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കൈയിൽ റബർ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന കത്തിയും ഉണ്ടായിരുന്നു. നീതി ലഭിക്കാതെ പുറത്തിറങ്ങില്ലെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നു. ജില്ല കലക്ടർ, തഹസിൽദാർ, എ.ഡി.എം, ജില്ല പൊലീസ് മേധാവി എന്നിവരോട് സംഭവസ്ഥലത്ത് എത്താനും ആവശ്യപ്പെട്ടു. ഉച്ചക്ക് ഒന്നോടെ തഹസിൽദാർ ടോമിച്ചൻ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ഇയാൾ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.
പിന്നീട് ഉച്ചക്ക് രണ്ടോടെ രമേശൻ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളം വെന്‍റിലേഷനിലൂടെ നൽകി. ഇയാൾ പുറത്തുള്ളവരോട് സംസാരിക്കുന്നതിനിടെ അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് വെള്ളം ദേഹത്തേക്ക് അടിച്ചു.
ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടി താഴേക്ക് കൊണ്ടുവന്നു. മൂന്നുമണിക്കൂറോളം പ്രയ്തനിച്ചാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് ആംബുലൻസിൽ കൽപറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സനൽകിയ ശേഷം നാലോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഗ്നിരക്ഷസേനയുടെ മൂന്ന് യൂനിറ്റ് വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ കൽപറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. വർഷങ്ങളായി ജില്ലയിൽ വിവിധ ജോലികൾ ചെയ്തുവരുന്നതായും വിവരമുണ്ട്.
കൽപറ്റ ഡിവൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസും കൽപറ്റ അഗ്നിരക്ഷനിലയം അസി. സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

