Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകർഷകരെ ദുരിതത്തിലാക്കി...

കർഷകരെ ദുരിതത്തിലാക്കി കാട്ടാനക്കൂട്ടം

text_fields
bookmark_border
കർഷകരെ ദുരിതത്തിലാക്കി കാട്ടാനക്കൂട്ടം
cancel

കൽപറ്റ: വിളവെടുപ്പുകാലത്ത് കാട്ടാനശല്യം രൂക്ഷമാകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം കൂടുതലായും കൃഷിനാശമുണ്ടാക്കുന്നത്. നിരവധി കർഷകരുടെ കാർഷിക വിളകൾ രാത്രിയോടെ എത്തുന്ന കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിക്കുകയാണ്. ജില്ലയിലെ പല പ്രധാന പാതകളിലും അങ്ങാടികളിലും ഉൾപ്പെടെ കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്.

വനത്തിൽനിന്ന് കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകൾ പുലർച്ചയാണ് തിരിച്ചുപോകുന്നത്. വിളവുകൾ കാട്ടാന നശിപ്പിക്കാതിരിക്കാൻ കർഷകർ ഉറക്കമൊഴിഞ്ഞു കാവലിരിക്കുകയാണ്. എന്നാൽ, കാവൽ ഏർപ്പെടുത്തിയിട്ടും കാവൽക്കാരുടെയും പ്രതിരോധ സംവിധാനങ്ങളുടേയും കണ്ണ് വെട്ടിച്ച് കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന നെല്ല് ഉൾപ്പെടെ നശിപ്പിക്കുകയാണ്.

പുൽപള്ളി, മുള്ളൻ കൊല്ലി, പനമരം, പൂതാടി, കേണിച്ചിറ, നൂൽപുഴ തുടങ്ങി നിരവധി പഞ്ചായത്തുകളിലെ കർഷകർ ഒരു മാസത്തിലേറെയായി കാട്ടാനശല്യത്തിൽ പൊറുതിമുട്ടുകയാണ്. പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തി പ്രദേശമായ പാതിരിയമ്പം, മണിക്കോട്, കല്ലുവയൽ, തരകമ്പം, മണൽവയൽ, അമ്മാനി, നീർവാരം, ദാസനക്കര, അഞ്ഞണിക്കുന്ന്, നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, പേരൂർ, അയനിമല തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം തുടരുകയാണ്.

അയനിമല വി.എസ്.എസിന് കീഴിലെ പേരൂർ ഭാഗത്തെ മതിൽ ചാടിക്കടന്ന് കഴിഞ്ഞ ദിവസം എത്തിയ കാട്ടാന പേരൂർ പാടശേഖരത്തിലെ വിളവെടുക്കാൻ ബാക്കിയുണ്ടായിരുന്ന കർഷകന്റെ നെല്ല് മുഴുവൻ നശിപ്പിച്ചു. വടക്കാഞ്ചേരി ജോസ് മാത്യുവിന്റെ നെല്ലാണ് കാട്ടാന തിന്നു നശിപ്പിച്ചത്.

വയലിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി നെൽകൃഷിക്ക് നടുവിൽ സെൻസർ പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് കാട്ടാന നശിപ്പിച്ചത്. സെൻസർ ശബ്ദമുണ്ടാക്കുകയും ലൈറ്റുകൾ പ്രകാശിക്കുകയും ചെയ്തെങ്കിലും നെല്ല് മുഴുവൻ നശിപ്പിച്ച ശേഷമാണ് കാട്ടാന മടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. പല സ്ഥലത്തും പ്രതിരോധ സംവിധാനങ്ങൾ തകരാറിലായതാണ് പല സ്ഥലങ്ങളിലും കാട്ടാനകൾ കൂട്ടത്തോടെ എത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

നെൽകൃഷിക്കു പുറമേ കമുക്, കുരുമുളക്, വാഴ, തെങ്ങ്, കാപ്പി, കപ്പ തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുഞ്ചവയലിൽ യാത്രക്കാരനെ കാട്ടാന ഓടിച്ചു. പുഞ്ചവയൽ ജയപ്രകാശിനെയാണ് കാട്ടാന ഓടിച്ചത്. വീടിനടുത്തുള്ള ബീനാച്ചി - പനമരം റോഡിലെ പുഞ്ചവയൽ അങ്ങാടിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ജയപ്രകാശിനെ കാട്ടാന ഓടിച്ചത്. കാട്ടാന വരുന്നതു കണ്ട് അൽപം ഉയരത്തിലുള്ള കടത്തിണ്ണയിലേക്ക് ചാടിക്കയറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്.

ഇതിനു ശേഷം തിരിഞ്ഞ കാട്ടാന അങ്ങാടിയിലെ കെട്ടിടത്തോടു ചേർന്നുള്ള പുത്തനങ്ങാടി ദിനേശന്റെ നേന്ത്രവാഴ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പനമരം ക്ഷീരോൽപാദക സഹകരണ സംഘത്തിലെ പാലുമായി വരുന്ന വാഹനവും തടഞ്ഞു. ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയെങ്കിലും ആന വാഹനത്തിന് മുന്നിൽനിന്ന് മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് മീറ്ററുകളോളം ദൂരം പിന്നോട്ട് എടുത്താണ് രക്ഷപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsWild elephants
News Summary - A herd of wild elephants is causing distress to farmers
Next Story