ബഫർസോൺ 12 കിലോമീറ്റർ നിർദേശിച്ചത് വി.ഡി. സതീശൻ കമ്മിറ്റി -ഇ.പി. ജയരാജൻ
text_fieldsഎൽ.ഡി.എഫ് ബഹുജന റാലി കൽപറ്റയിൽ സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: 2011ൽ പരിസ്ഥിതിലോല മേഖല 12 കിലോമീറ്ററായി നിശ്ചയിക്കാമെന്ന നിർദേശം സമർപ്പിച്ചത് നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ടി.എൻ. പ്രതാപൻ എം.പിയും അടങ്ങിയ മൂന്നംഗ കമ്മിറ്റിയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കൽപറ്റയിൽ എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരക്ഷിത വനങ്ങൾക്കും വന്യജീവിസങ്കേതങ്ങൾക്കും ബഫർസോൺ കൊണ്ടുവന്നത് 2011ൽ കോൺഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശാണ്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച മൂന്നംഗ കമീഷന്റെ ചെയർമാൻ വി.ഡി. സതീശൻ ആയിരുന്നു. ബഫർസോൺ 12 കിലോമീറ്ററാക്കണമെന്നാണ് കമ്മിറ്റി റിപ്പോർട്ട് കൊടുത്തത്. അതാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് അയച്ചതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
2019ൽ ഇടതുസർക്കാർ, ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി വനപ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ബഫർ സോൺ എന്ന നിലപാട് സ്വീകരിച്ചു. നിലവിലെ സുപ്രീം കോടതി വിധി വന്നപ്പോൾ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് ദേശീയ വന്യജീവി സങ്കേതങ്ങളുടെ ബഫർസോൺ പൂർണമായും ഒഴിവാക്കണമെന്നും അവിടങ്ങളിൽ ജനവാസ കേന്ദ്രങ്ങളാണെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും നിലവിലുണ്ടായിരുന്നില്ല. സംഭവത്തില്‍ സി.പി.എം ജില്ല കമ്മിറ്റി ഉചിത നടപടികള്‍ സ്വീകരിക്കുമെന്നും ഇ.പി. ജയരാജന് വ്യക്തമാക്കി.