ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേര്
text_fieldsഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ
കൽപറ്റ: ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിത്താമസിപ്പിച്ചത് 9328 പേരെ. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഒമ്പത് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റിത്താമസിപ്പിച്ചു. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടനാട് ഗവ. സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംകൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗോള്‍സ് ഹൈസ്കൂള്‍, തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂള്‍, മേപ്പാടി ജി.എല്‍.പി സ്കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 859 പുരുഷന്മാരും 903 സ്ത്രീകളും 564 കുട്ടികളും രണ്ട് ഗര്‍ഭിണികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
കൽപറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെത്തുടർന്ന് മികച്ച രക്ഷാപ്രവർത്തനമാണ് അപകടമുനമ്പിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധിഘട്ടം തരണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സർക്കാറിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്. കാണാതായവരെ കണ്ടെത്തണം. കാലാവസ്ഥ വിഷയത്തിൽ കുസാറ്റിന്റെ വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ തടയേണ്ടതുണ്ട്. സമയബന്ധിതമായി കൃത്യമായ ലക്ഷ്യത്തോടെ വേണം പുനരധിവാസം നടപ്പാക്കാനെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാറിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. മരണപ്പെട്ടവരിൽ അന്യസംസ്ഥാനക്കാരുടെ കണക്ക് കൃത്യമായി കണ്ടെത്തണം. എല്ലാ എം.പിമാരുടെയും ഫണ്ട് പുനരധിവാസ പ്രവർത്തനത്തിന് ഉപയോഗിക്കാവുന്നതാണ്. പുനരധിവാസത്തിന്റെ എല്ലാ വശങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരണമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ മാനസിക സ്ഥിതി ഭയാനകമാണെന്നും അവർക്ക് കൂടുതൽ കാര്യക്ഷമമായ കൗൺസലിങ് നൽകണമെന്നും സ്ഥലം എം.എൽ.എ ടി. സിദ്ദീഖ് ആവശ്യപ്പെട്ടു. കാണാതായ ആളുകളെ കണ്ടെത്താൻ പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
മലപ്പുറത്ത് കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ വയനാട്ടിൽ തന്നെ സൗകര്യമൊരുക്കണമെന്ന് പി.പി. സുനീർ എം.പി ആവശ്യപ്പെട്ടു. വെള്ളാർമല സ്കൂളിലെ കുട്ടികളെ മുഴുവൻ വേറെ സ്കൂളിലേക്ക് മാറ്റണമെന്നും കാലാവസ്ഥ നിരീക്ഷിക്കാൻ പ്രത്യേക സൗകര്യം വേണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് സമരക്കാർ ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പുനരധിവാസ പ്രക്രിയയെ സഹായിക്കുമെന്ന് യോഗത്തിനൊടുവിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ. വാസവൻ, ഒ.ആർ. കേളു, വി. അബ്ദുറഹ്മാൻ, എം.എൽ.എമാരായ എം.കെ. മുനീർ, അഹമ്മദ് ദേവർകോവിൽ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, മുസ് ലിം ലീഗ് ജില്ല സെക്രട്ടറി ടി. മുഹമ്മദ്, പ്രസാദ് മലവയൽ (ബി.ജെ.പി), മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, മുൻ എം.പി എം.വി. ശ്രേയാംസ് കുമാർ, ഉമ്മർ (ജെ.ഡി.എസ്), കെ.കെ. ഹംസ (ആർ.ജെ.ഡി), പ്രവീൺ തങ്കപ്പൻ (ആർ.എസ്.പി), കെ.ജെ. ദേവസ്യ (കേരള കോൺഗ്രസ് എം), എം.സി. സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് ജേക്കബ്), ശശികുമാർ (കോൺഗ്രസ് എസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), എ.പി. കുര്യാക്കോസ് (ജെ.കെ.സി), ഭാഗീരഥൻ (കേരള കോൺഗ്രസ് ബി), എം.ആർ. രാമകൃഷ്ണൻ (ആർ.എം.പി), ജോസഫ് കളപ്പുര (കേരള കോൺഗ്രസ് ജോസഫ്), അജി കൊളോണിയ (എ.എ.പി), ഗോപകുമാർ (ബി.എസ്.പി), ശിവരാമൻ സി.എം. (എൻ.സി.പി) എന്നിവർ സംബന്ധിച്ചു.

