കൽപറ്റയിൽ തെരുവുനായ് ആക്രമണത്തിൽ 31 പേർക്ക് പരിക്ക്; മൂന്നര വയസ്സുകാരിക്ക് ഗുരുതരം
text_fieldsനായുടെ കടിയേറ്റ് കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ
കൽപറ്റ: ടൗണിനു സമീപത്തെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ആക്രമണത്തിൽ 31 പേർക്ക് പരിക്കേറ്റു. മുഖത്ത് ആഴത്തിൽ മുറിവേറ്റ മൂന്നര വയസ്സുകാരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലി, പള്ളിത്താഴെ, അമ്പിലേരി, മെസ് ഹൗസ് റോഡ്, മൈതാനി ഭാഗങ്ങളിലുള്ളവർക്കാണ് തെരുവുനായുടെ കടിയേറ്റത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും വയോധികരുമാണ്.
പരിക്കേറ്റവർ കൽപറ്റ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. അമ്പിലേരിയിൽ തെരുവുനായ് വീട്ടിൽകയറി മൂന്നര വയസ്സുകാരിയുടെ മുഖത്ത് കടിച്ച് മാരകമായി മുറിവേൽപിക്കുകയായിരുന്നു. അമ്പിലേരി ശ്രേയസ് വീട്ടിൽ നിധിന്‍റെ മകൾ കശ്വിയെയാണ് നായ് ആക്രമിച്ചത്.
ഞായറാഴ്ച ഉച്ച ഒരു മണിയോടെയായിരുന്നു നായുടെ ആദ്യ ആക്രമണം. കൽപറ്റ നഗരത്തിനടുത്ത മൈതാനിക്കു സമീപത്തെ കടയിൽ കയറി ആറുവയസ്സുകാരൻ അൽഅമീൻ സുൽത്താനെയാണ് നായ് ആദ്യം ആക്രമിച്ചത്. പിന്നീട് പള്ളിത്താഴെ റോഡിലേക്ക് ഓടിയ നായ് അവിടെയും വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന വയോധികരെയും ഉൾപ്പെടെ കടിച്ചു. എമിലിയിലെ കബീറിനും രണ്ടു പേരക്കുട്ടികൾക്കും കടിയേറ്റു. വീടിനും പരിസരത്തുംവെച്ചാണ് അധിക പേർക്കും കടിയേറ്റത്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ക്കും കടിയേറ്റു.
മെസ് ഹൗസ് റോഡിൽ ബാലമുരുകൻ-ശശികല ദമ്പതികളുടെ മകൻ വിജിത്ത് അഖിലൻ (ഒമ്പത്), പള്ളിതാഴെ മുതുകാട് പറമ്പിൽ സുനിത (35), മണിയങ്കോട് ഓടമ്പംപൊയിൽ ജിതിൻ-രമ്യ ദമ്പതിമാരുടെ മകൻ ദിൻഷിത്ത് (നാല്), മൈതാനി പുതുക്കുടി ജംഷീർ-ജസ്ന ദമ്പതികളുടെ മകൻ അൽഅമീൻ സുൽത്താൻ (6), പള്ളിത്താഴെ സൂര്യ നിവാസ് സെൽവ റാണി (30), പള്ളിത്താഴെ ചാലിൽ ഉമയ്യ (65) തുടങ്ങിയവർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വൈകീട്ട് ആറുമണിയോടെ ആക്രമണകാരിയായ നായെ പൾസ് എമർജൻസി ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പിടികൂടി.
നഗരസഭ അധികൃതരെ ഏൽപിച്ചു. നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല ലാബിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് സന്ദർശിച്ചു.
നഗരസഭ പരിധിയിലെ തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ചെയർമാൻ പറഞ്ഞു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ഏറെക്കാലമായി പരാതിപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

