വയനാട് ലോക്സഭ മണ്ഡലത്തിൽ 14.29 ലക്ഷം സമ്മതിദായകര്‍
text_fieldsലോക്സഭ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് എം.സി.സി
കൺട്രോൾ റൂം ജില്ല കലക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ ആകെ വോട്ടർമാരുടെ എണ്ണം 14,29779. വോട്ടർ പട്ടികയിൽ ഇപ്പോഴും പേര് ചേർക്കാം എന്നത് കൊണ്ടു വോട്ടർമാരുടെ എണ്ണം ഇനിയും വർധിക്കും.
ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴുനിയമസഭ മണ്ഡലങ്ങളുള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ 14,29779 ലക്ഷം സമ്മതിദായകരാണുള്ളത്. ഇതില്‍ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളും 14 ട്രാന്സ്ജെന്ഡര്മാരുമാണുള്ളത്. ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലുമായി 6,24225 വോട്ടര്‍മാരാണുള്ളത്.
മാനന്തവാടിയില്‍ 1,97947 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,21419 ഉം, കല്പറ്റയില് 2,04859 ഉം സമ്മതിദായകർ. 318,511 സ്ത്രീ വോട്ടര്‍മാരും, 305,709 പുരുഷ വോട്ടര്‍മാരും, അഞ്ച് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരുവമ്പാടി മണ്ഡലത്തില്‍ 1,79415 വോട്ടര്‍മാരും മലപ്പുറം ജില്ലയിലെ ഏറനാട് 179499, വണ്ടൂര്‍ 225634, നിലമ്പൂര്‍ 221006 വോട്ടര്‍മാരുമാണുള്ളത്.
പെരുമാറ്റച്ചട്ടം പാലിക്കണം -കലക്ടര്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാർഥികളും, രാഷ്ട്രീയപാര്‍ട്ടികളും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജാതി-മത വികാരം വ്രണപ്പെടുത്തുന്ന രീതിയിലും സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം പാടില്ല.
വ്യക്തികള്‍, സമൂഹത്തിന്റെ അന്തഃസത്ത എന്നിവക്ക് യോജിക്കാത്ത തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍, ബാനര്‍ എന്നിവ പതിപ്പിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍, ബാനര്‍, ബോർഡുകള്‍ എന്നിവ സ്ഥാപിക്കാം. പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശിക്കരുത്.
ജാതി-മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടഭ്യര്ഥിക്കരുത്. പണം, മദ്യം മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെറ്റായ പ്രസ്താവന നടത്തരുത്. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.
സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പാടില്ല.
പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. 2024 മാര്‍ച്ചില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
പ്രചാരണ വാഹനങ്ങളില്‍ രാവിലെ ആറിന് മുമ്പും രാത്രി 10ന് ശേഷവും ലൗഡ് സ്പീക്കര്‍ ഉപയോഗം പാടില്ല. മറ്റു സമയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് പൊലീസിന്റെ അനുമതി വാങ്ങണം. പ്രചാരണ വാഹനങ്ങളുടെ വിവരങ്ങള്‍ അതത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നല്‍കണം. പ്രചാരണ പരിപാടികളില്‍ കുട്ടികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നും കലക്ടർ പറഞ്ഞു.
വാർത്ത സമ്മേളനത്തില്‍ എം.സി.സി നോഡല്‍ ഓഫിസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി, മാനന്തവാടി നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ആന്‍ഡ് സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്പറ്റ നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.
1324 പോളിങ് സ്റ്റേഷനുകള്‍
വയനാട് ലോക്സഭ മണ്ഡലത്തില്‍ 1324 പോളിങ് സ്റ്റേഷനുകളാണുള്ളത്. മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216, കല്പറ്റ 187, തിരുവമ്പാടി 178, ഏറനാട് 163, നിലമ്പൂര്‍ 202, വണ്ടൂര്‍ 205 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണം.
അസി. റിട്ടേണിങ് ഓഫിസറായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്പറ്റ നിയോജക മണ്ഡലത്തില്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ബത്തേരിയില്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി എന്നിവരെ നിയമിച്ചു. മാര്‍ച്ച് 28 മുതല്‍ സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിർദേശ പത്രിക സ്വീകരിച്ച് തുടങ്ങും. നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ നാല് വരെയാണ്.
സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് വരെയാണ്. ഏപ്രില്‍ 26ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കണ്ട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു
ലോക്സഭ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്ട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ല കലക്ടര്‍ ഡോ. രേണുരാജ് കണ്ട്രോള് റൂം ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ ജില്ല അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. എ.ഡി.എം കെ. ദേവകിയാണ് കണ്‍ട്രോണ്‍ റൂം നോഡല്‍ ഓഫിസര്‍. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം. മെഹ്റലി പങ്കെടുത്തു.
സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കാം
പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ‘സി വിജില്‍’ സിറ്റിസണ്‍ ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറുകളില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാകും. കാമറ, ഇന്റര്‍നെറ്റ്, ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണില്‍ സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
പരാതി ലഭിച്ച് 100 മിനിറ്റിനകം നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം. പെരുമാറ്റചട്ട ലംഘനം, ചെലവ് സംബന്ധമായ ചട്ടലംഘനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് മുഖേന ചിത്രം അല്ലെങ്കില്‍ വീഡിയോ നല്കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ല കണ്ട്രോള് റൂമിലേക്കാണ് പരാതി നേരിട്ട് എത്തുക. ആപ്പ് ഉപയോഗിച്ചെടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ സി-വിജില്‍ ആപ്പിലേക്ക് അയക്കാന്‍ കഴിയൂ.
- പെരുമാറ്റ ചട്ടം പാലിച്ചില്ലെങ്കിൽ നടപടി
- വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാം
- ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്
- സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍
- മീഡിയയില്‍ പ്രചരിപ്പിക്കരുത്
- പ്രചാരണ വാഹനങ്ങളില്‍ രാവിലെ ആറിന് മുമ്പും രാത്രി 10ന് ശേഷവും
- ലൗഡ് സ്പീക്കര്‍ പാടില്ല
- പ്രചാരണ പരിപാടികളില്‍ കുട്ടികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

