റോഡപകടങ്ങളിൽ 18 വർഷത്തിനിടെ ജീവൻ നഷ്ടമായത് 1207 പേർക്ക്
text_fieldsകൽപറ്റ: വയനാട്ടിൽ റോഡപകടങ്ങളിൽ 18 വർഷത്തിനിടെ 1207 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ. 2007 മുതൽ 2025 വരെയുള്ള കാലയളവിൽ 11521 അപകടങ്ങളിലായാണ് ഇത്രയും ജീവനുകൾ ഹോമിക്കപ്പെട്ടത്. ഇക്കാലത്തുണ്ടായ അപകടങ്ങളിൽ 15,586 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.
2025ൽ മാത്രം 916 അപകടങ്ങളിലായി 69 പേർ മരണപ്പെട്ടു. 1066 പേർക്ക് പരിക്കേറ്റതിൽ 797 പേരുടേത് ഗുരുതരമായിരുന്നു. പരിക്കേറ്റവരിൽ 295 പേർ സ്ത്രീകളായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. 95 അപകടങ്ങളിലായി 13 പേർ മരിക്കുകയും 96 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024ൽ 908 വാഹനാപകടങ്ങളുണ്ടായപ്പോൾ 67 മരണങ്ങളാണ് സംഭവിച്ചത്. 1153 പേർക്ക് പരിക്കേറ്റു.
2023ൽ 589 വാഹനാപകടങ്ങളിലായി 84 പേർ മരണപ്പെടുകയും 1056 പേർക്കു പരിക്കേൽക്കുകയും ചെയ്തു. അമിത വേഗതയും അശ്രദ്ധയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണം. കൂടാതെ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിച്ചവരാണു മരിച്ചവരിൽ ഏറെയും.
ദേശീയ പാതയിൽ മുട്ടിൽ വാര്യാട് ഭാഗത്തും പാതിരിപ്പാലം മുതൽ ദൊട്ടപ്പൻകുളം വരെയും കൽപറ്റ പടിഞ്ഞാറത്തറ റോഡും സ്ഥിരം അപകട മേഖലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ റോഡുകളുടെ വളവും തിരിവും കൃത്യമായി ബോധ്യമില്ലാത്ത സഞ്ചാരികളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അമിത വേഗത അപകടത്തിന്‍റെയും വേഗത കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

