ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് ആശുപത്രി നിര്‍മാണത്തിന് 10 കോടി
text_fieldsകൽപറ്റ: ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രി ജില്ലയില്‍. മാനന്തവാടി കുഴിനിലത്ത് രണ്ട് ഏക്കര്‍ സ്ഥലത്താണ് 10 കോടി ചെലവില്‍ കെട്ടിടം നിർമിക്കുകയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിച്ച 5900 കുട്ടികളാണ് ജില്ലയിലുള്ളത്. നിലവില്‍ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കാവശ്യമായ ഫിസിയോ-സ്പീച്ച് തെറാപ്പി സേവനം നല്‍കുന്നുണ്ട്. ഓട്ടിസം-സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്ക് സ്ഥായിയായ ചികിത്സ സൗകര്യം ഉറപ്പാക്കാൻ ആശുപത്രി നിർമാണം പൂര്‍ത്തിയാകുന്നതോടെ സാധിക്കും.
ഒരേസമയം 30 പേര്‍ക്ക് കിടത്തി ചികിത്സ സൗകര്യം ആശുപ്രത്രിയില്‍ ഒരുക്കും. രണ്ടേക്കര്‍ ഭൂമിയില്‍ ഒരു ഏക്കറില്‍ ആശുപത്രിയും ഒരേക്കറില്‍ കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ പാര്‍ക്കും സജ്ജീകരിക്കും. ആശുപത്രി നിർമാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷത്തില്‍ സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍, ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഴമാപിനി സ്ഥാപിക്കല്‍, വായനശാലകള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറി, വണ്‍ സ്കൂള്‍ വണ്‍ ഗെയിം രണ്ടാംഘട്ടം, വൈദ്യൂതീകരണ പദ്ധതികള്‍, സ്കൂള്‍ ഗ്രൗണ്ട് വൈദ്യുതീകരണം തുടങ്ങിയ പദ്ധതികള്‍ക്കായി തുക വകയിരുത്തും. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതികളില്‍ കൃത്യമായി തുക വിനിയോഗം, പദ്ധതി നിര്‍വഹണം ഉറപ്പാക്കണമെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്കി.
പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ക്കായി അർബുദ പരിശോധനക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും യോഗത്തില്‍ തീരുമാനമായി. വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സഥിരംസമിതി ചെയര്മാന് ജുനൈദ് കൈപ്പാണി, ഡിവിഷന് അംഗങ്ങളായ സുരേഷ് താളൂര്‍, കെ.ബി. നസീമ, ജില്ല പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

