വിജിലൻസ് അന്വേഷണം നേരിടുന്ന മൂന്ന് നേതാക്കൾക്കെതിരെ ജോയന്റ് കൗൺസിൽ നടപടി
text_fieldsകൽപറ്റ: ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാർക്കെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ ആരോപണം നേരിടുന്നവരിൽ മൂന്നുപേർക്കെതിരെ നടപടിക്ക് ജോയന്റ് കൗൺസിൽ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ജില്ല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. പ്രാഥമിക അംഗത്വം മാത്രം നിലനിർത്തി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ആരോപണ വിധേയരായ മൂന്നുപേരെയും മാറ്റാനാണ് തീരുമാനം. എന്നാൽ, ഇവരെ സംഘടനയിൽനിന്നുതന്നെ പുറത്താക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
അഴിമതി സമൂഹത്തിനാപത്താണ് എന്ന സന്ദേശമുയർത്തി സംസ്ഥാന നേതൃത്വം നടത്തുന്ന അഴിമതി വിരുദ്ധ കാമ്പയിൻ നടക്കാനിരിക്കെയാണ് മാനന്തവാടിയിലെ മൂന്നുപേർക്കെതിരെ അഴിമതി ആരോപണത്തിൽ നടപടി സ്വീകരിച്ചത്. മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയർ ക്ലർക്ക്, മാനന്തവാടി താലൂക്കിലെ വില്ലേജ് അസിസ്റ്റന്റ്, വനിത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടി. അതേസമയം, സംഘടനയിലെ മറ്റ് ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മൂന്നുപേർക്കെതിരെ മാത്രം പേരിന് നടപടി സ്വീകരിച്ച് തലയൂരാനാണ് സംഘടനയുടെ ശ്രമമെന്നാണ് ആരോപണം.
ജില്ലയിൽ 20ലധികം റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ പയ്യമ്പള്ളി വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടിയിരുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഗൗരവമായ പരാതികൾ ലഭിച്ചിട്ടും അവയെല്ലാം ഒതുക്കിത്തീർക്കാൻ ഒരു വിഭാഗം ശ്രമം നടത്തുന്നതിനെതിരെ എൻ.ജി.ഒ യൂനിയനിലും അമർഷമുണ്ട്. സിവിൽ സർവിസിലെ അഴിമതിക്കെതിരെ സ്വാഭിമാന സദസ്സും സോഷ്യൽ ഓഡിറ്റും അഴിമതിവിരുദ്ധ പദയാത്രയും ഉൾപ്പെടെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തിക്കൊണ്ടിരുന്ന ജോയന്റ് കൗൺസിൽ അഴിമതിക്കാരുടെ കൂടാരമായെന്ന് എൻ.ജി.ഒ അസോസിയേഷനും ആരോപിച്ചിരുന്നു.
അതേസമയം, ഭരണകക്ഷി സർവിസ് സംഘടന നേതാക്കൾക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ പുതിയ ചില പരാതികളിൽകൂടി അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്ന ഘട്ടത്തിലാണ് സ്പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ (ജനറൽ) ഓഫിസിലെ വാല്വേഷൻ അസിസ്റ്റന്റായ ജോയന്റ് കൗൺസിൽ നേതാവുകൂടിയായ ജി. അനിൽ കുമാറിനെ നിയമവിരുദ്ധമായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിലേക്ക് വർക്കിങ് അറേഞ്ച്മെന്റ് എന്ന നിലക്ക് സ്ഥലംമാറ്റിയത്. ഇതോടെ ലാൻഡ് അക്വിസിഷൻ ഓഫിസിലെ പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. ഓൺലൈൻ സ്ഥലംമാറ്റത്തിന്റെ ഭാഗമായി സീനിയർ ക്ലർക്ക്/സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയിൽ മാനന്തവാടി സബ് കലക്ടറുടെ ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിച്ച രണ്ട് വനിത ജീവനക്കാരെ നിയമവിരുദ്ധമായി കലക്ടറേറ്റിൽ നിയമിച്ചത് ഉൾപ്പെടെ പുതിയ പരാതികൾ ഉയർന്നിട്ടുണ്ട്.
സർവിസ് സംഘടന നേതാക്കൾ ഉൾപ്പെടെ വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുള്ള ജീവനക്കാരെ ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്ന് മാറ്റിനിർത്താൻ തയാറാകാത്തത് ജോയന്റ് കൗൺസിലിനകത്ത് വിഭാഗീയതക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, അഴിമതി ആരോപണം ഉയർന്ന മൂന്നുപേർക്കെതിരെ സംഘടന നടപടി സ്വീകരിച്ചതായി ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി സുനിൽമോൻ മാധ്യമത്തോട് പറഞ്ഞു. അടുത്ത മാസം സംഘടന സോഷ്യൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചതായും കൂടുതൽ അഴിമതി ആരോപണവിധേയരായവരെ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

