പുൽപ്പള്ളിയില്‍ റോഡരികില്‍ നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു
text_fieldsപുൽപ്പള്ളി: പുൽപ്പള്ളി കൊളവള്ളിയിൽ പാതയോരത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു. നടയിത്തിങ്കൽ ജോർജിന്റെ ജീപ്പാണ് തകർത്തത്. ജീപ്പിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം. പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോകുന്നതിനായി ജീപ്പ് റോഡരുകിൽ നിർത്തിയിട്ടതായിരുന്നു. വണ്ടിയിൽ നിന്നിറങ്ങി പോയതിന് തൊട്ടുപിന്നാലെ ഓടിയെത്തിയ കാട്ടാന ജീപ്പിന്റെ ബോണറ്റ് കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട് ജോർജ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.കർണാടകയിലെ ബന്ദിപ്പുര നാഗർ ഹോൾ വന്യ ജീവി സങ്കേതത്തിൽ നിന്നും കമ്പനി നദി കടന്നെത്തിയ ആന അതിർത്തിയിൽ സ്ഥാപിച്ചിരുന്ന തൂക്ക് ഫെൻസിംഗിൽ മരം മറിച്ചിട്ടാണ് കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തിലെത്തിയത്.
ജീപ്പിന്റെ ബോണറ്റുൾപ്പെടെ പൂർണമായി തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം, പുലർച്ചെ റബ്ബർ വെട്ടാൻ പോയ വ്യക്തി ആനയുടെ മുന്നിൽപ്പെട്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

