ബാണാസുര സാഗർ ജലസേചന കനാൽ; എന്നുതീരും ഈ സർവേ...?
text_fieldsഒരേഭൂമിയിൽ രണ്ടിടങ്ങളിൽ പതിച്ച സർവേക്കല്ലുകൾ
വെള്ളമുണ്ട: ബാണാസുര സാഗർ ജലസേചന പദ്ധതി സർവേ അനന്തമായി നീളുമ്പോൾ ദുരിതംപേറി പ്രദേശവാസികൾ. നാല് പഞ്ചായത്തുകളിലെ വയലുകളിൽ കൃഷിയാവശ്യത്തിന് ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവൃത്തിയാണ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും സർവേ എന്ന മെല്ലെപോക്കിലൊതുങ്ങുന്നത്.
ഒരേപ്രദേശത്ത് നാലും അഞ്ചും സർവേ നടത്തുകയും വ്യത്യസ്ത ഭാഗങ്ങളിൽ സർവേകല്ലുകൾ പതിക്കുകയും ചെയ്തതോടെയാണ് ജനം ദുരിതത്തിലായത്. ഓരോസമയത്ത് നടത്തുന്ന സർവേകളിൽ ഒരേസ്ഥലത്ത് വ്യത്യസ്ത കല്ലുകൾ പതിച്ചിട്ടുണ്ട്. ഈ കല്ലുകളിൽ ഏതാണ് ശരിയെന്ന ചോദ്യമാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് ചോദിക്കാനുള്ളത്.
കാപ്പുണ്ടിക്കൽ, പേരാൽ ഭാഗങ്ങളിലൂടെ പോകുന്ന കനാലിന് വേണ്ടിയാണ് ഒരേതോട്ടങ്ങളിൽ വ്യത്യസ്ത കല്ല് പതിച്ചിരിക്കുന്നത്. പത്തും പതിനഞ്ചും സെന്റ് സ്ഥലം മാത്രമുള്ള കുടുംബങ്ങൾ ഇതോടെ മറ്റൊരു നിർമാണ പ്രവൃത്തിയും നടത്താനാവാതെ പ്രയാസത്തിലാണ്. തോട്ടത്തിലെ രണ്ടുഭാഗങ്ങളിലും കല്ല് പതിച്ചതോടെ ഒരുഭാഗവും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഉദ്യോഗസ്ഥർ മാറിവരുമ്പോൾ പുതിയ സർവേ നടത്തുകയും പുതിയ കല്ല് പതിക്കുകയുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കനാൽ പോകുന്ന വഴി ഏതെന്ന കൃത്യമായ ഉത്തരം ഉദ്യോഗസ്ഥർക്കും അറിയില്ല.
ആദ്യം കല്ല് പതിച്ച സ്ഥലത്ത് കൂടിയാണോ അതല്ല ഇടക്കാലത്ത് സർവേകല്ല് പതിച്ച ഭാഗങ്ങളിലൂടെയാണോ കനാൽ പോവുക എന്ന പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
ഡാം പദ്ധതി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരുതുള്ളിപോലും വെള്ളം ജലസേചനത്തിനായി ലഭിച്ചിട്ടില്ല. വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ലക്ഷ്യംവെച്ച് തുടങ്ങിയ പദ്ധതിക്കായി 35 കോടിയിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു. 40 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഏറ്റെടുപ്പ് പോലും ഇനിയും പൂർത്തിയായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ടുപതിറ്റാണ്ട് കഴിഞ്ഞാലും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല.
1975ലാണ് കരമാൻ തോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടത്. ഇതിനായി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.
ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ടിനായി 2730 മീറ്റർ മുഖ്യ കനാലും 14,420 മീറ്റർ ശാഖാകനാലും 64,000 മീറ്റർ നീളത്തിൽ 14 വിതരണകനാലും വേണം. 22 വർഷം കൊണ്ട് മുഖ്യകനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ച് ശതമാനം മാത്രം ശാഖാകനാലും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂർത്തിയായത്.
നിർമാണം അനന്തമായി നീളുമ്പോൾ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതവും ദുരിതത്തിലാണ്. കല്ല് പതിച്ച ഭാഗങ്ങളിൽ മറ്റൊരു നിർമാണ പ്രവൃത്തിയും നടത്താൻ പാടില്ല.
ഒരുതോട്ടത്തിൽ പതിച്ച ഒന്നിലധികം സർവേകല്ലുകളിൽ ഏതാണ് അന്തിമമെന്ന് പറഞ്ഞാൽ ബാക്കിസ്ഥലം ഉപയോഗിക്കാൻ കഴിയും. ഇതിന് കൃത്യമായ രൂപരേഖയില്ലാത്തതാണ് കുടുംബങ്ങൾക്ക് തിരിച്ചടിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

