തൊണ്ടർനാട് തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ്; ഏഴ് വാർഡുകളിൽ അന്വേഷണം പൂർത്തിയായി
text_fieldsമാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നിർദേശപ്രകാരം തൊഴിലുറപ്പ് ജില്ല പ്രോഗ്രാം കോഓഡിനേറ്റർ പി.സി. മജീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ഫീൽഡ് തല അന്വേഷണം പുരോഗമിക്കുന്നു.
ഈ മാസം 13ന് ആരംഭിച്ച പരിശോധന ഇതുവരെ ഏഴ് വാർഡുകളിൽ പൂർത്തിയായി. എട്ട് വാർഡുകളിൽ കൂടി പരിശോധന നടക്കേണ്ടതുണ്ട്. ഇത് നേരത്തേ നിശ്ചയിച്ച 24ാം തീയതിക്കു ശേഷവും തുടർന്നേക്കും. ആസ്തി വികസന ഫണ്ടിൽനിന്ന് പ്രാഥമികമായി രണ്ടര കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയ ബ്ലോക്ക് പ്രോഗ്രാം ഒാഫിസറുടെയും പഞ്ചായത്തിന്റെയും ആവശ്യപ്രകാരം അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്.
ഇതിന്റെ ഭാഗമായുള്ള പരിശോധന പുരോഗമിക്കുമ്പോഴാണ് പദ്ധതിയില്‍ വന്‍ക്രമക്കേടുകള്‍ നടന്നതായി വിവരം ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ 10 ദിവസത്തിനകം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് നല്‍കാനായിരുന്നു ജെ.പി.സിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം തീരുമാനിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഫീല്‍ഡ് പരിശോധനയും അതോടൊപ്പം ഓഫിസിലെ രേഖകളും കമ്പ്യൂട്ടറിലെ ഇടപാടുകളുമാണ് പരിശോധിക്കുന്നത്.
ഫയലുകള്‍ കണ്ടെത്താനും ഫീല്ഡ്പരിശോധന പൂര്‍ത്തിയാക്കാനുമുള്ള താമസമാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനു പുറമെ മുമ്പും സമാനരീതിയില്‍ തട്ടിപ്പ് നടന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. പൊര്‍ളോത്ത് അബ്ദുള്ള എന്ന പേരിലുള്ള ഗുണഭോക്താവിന് ആട്ടിന്‍കൂട് നിര്‍മിച്ച വകയില്‍ 27000 രൂപ നല്‍കുകയും 51000 രൂപ കരാറുകാരന് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
7000 രൂപ മാത്രം ലഭിച്ച പാലേരിയില്നിന്നുള്ള മറ്റൊരു ഗുണഭോക്താവിന്റെ വീട്ടിലെത്തിയ സംഘത്തോട് ഇതിന്റെ പേരില്‍ കൈപ്പറ്റിയ തുക വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറാകാത്തതായും പരാതി ഉയര്‍ന്നു. ജെ.പി.സിക്കു പുറമെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍, മാനന്തവാടി ബി.പി.ഒ, കല്പറ്റ ജോ. ബി.പി.ഒ, ജില്ല എന്‍ജിനീയര്‍, മൂന്ന് അക്രഡിറ്റ് എന്‍ജിനിയര്‍മാര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, നാല് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റുമാര്‍, ഏഴ് ഓവര്‍സിയര്‍മാര്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.
20 അംഗ അന്വേഷണ സംഘത്തില്‍ ഭൂരിഭാഗവും വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള താല്‍ക്കാലിക ജീവനക്കാരാണ്. ഇവര്‍ നടത്തുന്ന അന്വേഷണം നീതിപൂര്വമാകില്ലെന്ന പരാതിയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികളെ മുഴുവൻ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

