Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൺസൂൺ വിരുന്നെത്തി;...

മൺസൂൺ വിരുന്നെത്തി; കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ പ്രവാഹം

text_fields
bookmark_border
മൺസൂൺ വിരുന്നെത്തി; കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ പ്രവാഹം
cancel
camera_alt

കാറ്റുകുന്നിലേക്ക് ട്രക്കിങ് നടത്തുന്ന സഞ്ചാരികൾ

കൽപറ്റ: മൺസൂൺ വിരുന്നെത്തിയതോടെ വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. ദൃശ്യഭംഗിയും സാഹസികതയും ഒത്തുചേരുന്ന കാറ്റുകുന്ന് ട്രക്കിങ് സഞ്ചാരികള്‍ക്ക് എന്നും മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് ശേഷം വയനാട്ടിലെ ഹൈഡൽ സാഹസിക ടൂറിസം പുത്തൻ ഉണർവിലാണ്. സാഹസികത അനുഭവിച്ചറിയാൻ നിരവധി സഞ്ചാരികൾ കാറ്റുകുന്നിലെത്തുന്നുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ മീൻമുട്ടി കുറ്റിയംവയൽ പ്രദേശത്താണ് മനോഹരമായ ഈ വിനോദസഞ്ചാര കേന്ദ്രം. കാറ്റുകുന്നിലേക്ക് ഓരോ ദിവസവും ട്രക്കിങ്ങിന് നിശ്ചിത പേർക്ക് മാത്രമാണ് പ്രവേശനം. 800 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുത്താൽ രാവിലെ എട്ടര മുതല്‍ കാറ്റുകുന്ന് മലനിരയിലേക്ക് ട്രക്കിങ് തുടങ്ങും. ഓരോ സംഘത്തിനൊപ്പവും വനംവകുപ്പിന്‍റെ ഗൈഡ് ഉണ്ടാകും.

പ്ലാസ്റ്റിക് മുക്തമാണെന്നതാണ് കാറ്റുകുന്നിന്റെ മറ്റൊരു പ്രത്യേകത. മൺസൂണിൽ എത്തുന്ന സഞ്ചരികൾക്ക് ഇടയ്ക്കിടെ പെയ്യുന്ന ചെറിയ ചാറ്റൽ മഴയും മഞ്ഞും മനംകുളിർക്കുന്ന കാഴ്ചയാണ്. കുത്തനെയുള്ള കുന്നിൻ ചെരിവുകളിലൂടെ പുൽതകിടുകൾ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ആറുകിലോമീറ്റര്‍ നടക്കണം. ഇവിടെ എത്തിയാൽ കോടമഞ്ഞിന്‍റെ തണുപ്പില്‍ ആകാശംതൊടുന്ന മലനിരകളും. അപ്രതീക്ഷിതമായി കാണുന്ന ആനയും മാനും മലയണ്ണാനും പതിവ് വിരുന്നുകാരാണ്. പേരുപോലെ മനസിനെ തൊട്ടുപോകുന്ന ഇളംകാറ്റും ചുറ്റും പച്ചപ്പും മൂലം ഹരിതപമാണ് കാറ്റുകുന്ന്. അങ്ങ് ദൂരെ ചെറുദ്വീപുകളും ബാണാസുര സാഗര്‍ ഡാമും നിറകാഴ്ച്ചയാണ്. സുരക്ഷിതമായ യാത്രയാണ് കാറ്റുകുന്ന് ട്രക്കിങ്ങിനെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. വനംവകുപ്പിന് കീഴീല്‍ വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് യാത്ര ഒരുക്കുന്നത്. കാപ്പിക്കളം മീന്‍മുട്ടിയില്‍ നിന്ന് ടിക്കറ്റ് മുഖാന്തിരമാണ് പ്രവേശനം. അഞ്ചു പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 4000 രൂപയാണ് പാക്കേജ്. കാറ്റു കുന്നിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് മീൻമുട്ടി വെള്ളച്ചാട്ടം സൗജന്യമാണ്.

പെരുമയും ഐതിഹ്യങ്ങളും ഇടതിങ്ങി നിൽക്കുന്ന പ്രകൃതി ധാതുക്കളാൽ സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുകയാണ് ബാണാസുരൻ. ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ വരദാനമാണ് ബാണാസുര മലമ്പ്രദേശം. കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ. ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്. സദാസമയവും ചുറ്റിൽ നിന്നും വീശിവരുന്ന ശക്തമായ കാറ്റു കൊണ്ടിരിക്കാം. കാറ്റുകുന്നിനോട് ചേർന്നുള്ള, എന്നാൽ രണ്ടു കിലോമീറ്ററോളം ദൂരത്തായി കാണുന്ന മൂന്നു പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്ന കുന്നാണ് സായിപ്പൻകുന്ന്. പുൽമേടുകൾക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന ഈ പാറക്കൂട്ടത്തിന് എവിടെ നിന്ന് നോക്കിയാലും പ്രത്യേകത വായിച്ചെടുക്കാം. പണ്ട് ഇവിടെ താമസിച്ചിരുന്ന ഒരു സായിപ്പും മദാമ്മയും അവരുടെ കുട്ടിയോ പട്ടിയോ ഏതോ ഒന്നു ശാപമേറ്റ് പാറയായി മാറിയതെന്നാണ് കഥ. കാറ്റു കുന്നിലെ ഫോട്ടോസും വ്യത്യസ്ത റീൽസുകളും വൈറലായതോടെ വയനാടൻ ടൂറിസത്തിന് മികച്ച നേട്ടമാണ് കൈവരിക്കാനാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonlocalnewsWayanad
News Summary - Monsoon has arrived; influx of tourists to Kattukunnu
Next Story