കടുവകൾ ചത്ത സംഭവം: ഒരാൾ അറസ്റ്റിൽ
text_fieldsശേഖർ
ഗൂഡല്ലൂർ: അവലാഞ്ചിയിൽ രണ്ടു പെൺകടുവകൾ ചത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അവലാഞ്ചിയിലെ ക്ഷീരകർഷകനായ ശേഖരിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കടുവകൾ ചത്തുകിടന്ന ഭാഗത്തിന് സമീപം ഒരു പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പശുവിന്റെ മാംസം കഴിച്ചതിനെ തുടർന്നാണ് കടുവകൾ ചത്തതെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തിനായി 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആരുടെയെങ്കിലും വളർത്തുമൃഗങ്ങൾ കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് ശേഖറിന്റെ പശുവിനെ 10 ദിവസം മുമ്പ് കാണാതായതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. പശുവിന്റെ ജഡത്തിൽ കീടനാശിനി തെളിക്കുകയായിരുന്നുവെന്ന് ഇയാൾ വനപാലകരോട് വ്യക്തമാക്കി. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

