സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടൻ ധനസഹായം -മന്ത്രി ഒ.ആര്. കേളു
text_fieldsടൗൺഷിപ് ഉദ്ഘാടന സ്വാഗതസംഘം രൂപവത്കരണം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു. കൽപറ്റയിലെ ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിർമാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നറുക്കെടുപ്പ് സുതാര്യവും കൃത്യതയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിയത്. ഗുണഭോക്താക്കള്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ മറ്റു ഗുണഭോക്താക്കള്‍ക്ക് വെച്ചു മാറാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ കൈമാറുന്നത്. ടൗണ്‍ഷിപ്പില്‍ നിർമിക്കുന്ന 410 വീടുകള്‍ക്കും കൃത്യമായ ഡിജിറ്റല്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ 115 വീട്, മൂന്നാം സോണിലെ 30 വീട്, നാലാം സോണിലെ 33 വീടുകളുമാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് ഉറപ്പാക്കിയത്.
മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ടൗണ്‍ഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെ.ഒ. അരുണ്‍, എ.ഡി.എം കെ.എസ്. അനില്‍കുമാര്‍, സബ് കലക്ടര്‍ അതുല്‍ സാഗര്‍, കല്പറ്റ നഗരസഭ ചെയര്പേഴ്സൻ പി. വിശ്വനാഥന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ എന്നിവര്‍ പങ്കെടുത്തു.
ടൗണ്‍ഷിപ് ഉദ്ഘാടനം 25ന്, സംഘാടക സമിതിയായി
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് വൈകീട്ട് നാലിന് വിപുലമായി സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപവത്കരിച്ചു.
മന്ത്രി ഒ.ആര്. കേളു ചെയര്‍മാനും ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ കണ്‍വീനറും എം.എല്‍.എ ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, കല്പറ്റ നഗരസഭ ചെയര്പേഴ്സൻ പി. വിശ്വനാഥന്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡ് അംഗങ്ങള്‍ വൈസ് ചെയര്മാന്മാരായും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. മന്ത്രി ഒ.ആര് കേളു അധ്യക്ഷതവഹിച്ചു.
എം.എല്‍.എ ടി സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ടൗണ്‍ഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെ.ഒ. അരുണ്‍, എ.ഡി.എം കെ.എസ്. അനില്‍കുമാര്‍, സബ് കലക്ടര്‍ അതുല്‍ സാഗര്‍, കല്പറ്റ നഗരസഭ ചെയര്പേഴ്സൻ പി. വിശ്വനാഥന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വൈസ് ചെയര്പേഴ്സൻ എസ്. സൗമ്യ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാര്‍ഡ് അംഗം കെ.കെ സഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏതുവീട് ആർക്കൊക്കെ... 178 പേര് വീടുകള്‍ തിരഞ്ഞെടുത്തു
മേപ്പാടി: മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ ഇരകൾക്കായി കൽപറ്റ ടൗൺഷിപ്പിൽ ആദ്യഘട്ടത്തില്‍ നിർമാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കള്‍ തിരഞ്ഞെടുത്തത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് പഞ്ചില്‍ വീട്ടില്‍ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്ത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട 104ാം നമ്പര്‍ വീടാണ് അഷറഫിന് നറുക്കെടുപ്പിലൂടെ ലഭിച്ചത്. ജില്ല ഭരണകൂടം തയാറാക്കിയ പെട്ടിയില്‍ നിന്നും ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പിലെ അവരുടെ വീടുകള്‍ നറുക്കെടുത്ത് സ്വന്തമാക്കി. ആദ്യഘട്ടത്തില്‍ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് വേദിയില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് കൈമാറി. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കല്പറ്റ നഗരസഭ മുഖേന വൈദ്യുതി-കുടിവെള്ളം-റേഷന്‍ കാര്‍ഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു. ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കിയത്.
വീടുകളുടെ വൈദ്യുതി-കുടിവെള്ള കണക്ഷനുകള്‍ നിലവില്‍ ജില്ല കലക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി-കുടിവെള്ള കണക്ഷനുകളുടെ മൂന്നു മാസത്തെ തുക സര്‍ക്കാര്‍ അടക്കുന്നതാണ്.
മൂന്നു മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കള്‍ക്ക് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

