അവധി ദിവസങ്ങളാണോ, വയനാട്ടിൽ കുരുക്ക് ഉറപ്പ്
text_fieldsബത്തേരി നഗരത്തിലെ ഗതാഗതക്കുരുക്ക്
കൽപറ്റ: ജില്ലയിലെ പ്രധാന നഗരങ്ങളിൽ ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്വാതന്ത്ര്യദിന അവധിയും ശനി, ഞായർ ദിവസങ്ങളും ഒന്നിച്ചെത്തിയതോടെ അവധി ആഘോഷിക്കാൻ കൂടുതൽ സഞ്ചാരികളെത്തിയതാണ് പ്രധാനമായും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. കർണാടകയിലെ മൂന്നുദിവസത്തെ അവധിയും നിരവധി സഞ്ചാരികൾ എത്തുന്നതിന് കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ കൽപറ്റ, ബത്തേരി, പനമരം, മാനന്തവാടി, മീനങ്ങാടി, വൈത്തിരി എന്നിവിടങ്ങളിലെല്ലാം വലിയതോതിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കൽപറ്റ ബൈപ്പാസിലും വയനാട് ചുരത്തിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പല സ്ഥലങ്ങളിലും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി. നിയന്ത്രണമില്ലാതെ റോഡിന്റെ രണ്ട് വശങ്ങളിലും സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായതോടൊപ്പം കനത്തമഴയും റോഡിലെ കുഴികളും പലപ്പോഴും സുഗമമായ വാഹന ഗതാഗതത്തിന് പ്രതിസന്ധിയായി.
കൽപറ്റ നഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് പകൽ സമയം മുഴുവൻ അനുഭവപ്പെട്ടത്. ജനമൈത്രി ട്രാഫിക് ജങ്ഷൻ, ചുങ്കം ജങ്ഷൻ, കൈനാട്ടി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഓണക്കാലമായതോടെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്. അവധി കാരണം കർണാടകയിൽനിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങൾ വർധിച്ചതോടെ ദേശീയപാതയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ബത്തേരിയിൽ പരിഷ്കരണം കടലാസിൽ
സുൽത്താൻ ബത്തേരി: മിക്ക സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സുൽത്താൻ ബത്തേരി നഗരത്തിൽ ട്രാഫിക് പരിഷ്കരണം കടലാസിൽ. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന രീതിയിൽ വലിയ ട്രാഫിക് പരിഷ്കരണം നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇനിയും നടപ്പായില്ല. അനധികൃത പാർക്കിങ് ഒഴിവാക്കി വലിയ മാറ്റങ്ങളുണ്ടാക്കിയാൽ മാത്രമേ കുരുക്ക് പരിഹരിക്കാൻ കഴിയൂ.
ചുങ്കം, കോട്ടക്കുന്ന് കവലകളിലും പഴയ ബസ് സ്റ്റാൻഡിന് സമീപത്തുമാണ് വാഹനങ്ങൾ സാധാരണയായി കുരുക്കിൽ അകപ്പെടുന്നത്. ഈ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത തടസ്സമാണ് നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും നീളുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുന്ന വാഹനങ്ങൾ ചുങ്കം, കോട്ടക്കുന്ന് കവലകളിലൂടെയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. കർണാടകയിൽനിന്ന് ഇടതടവില്ലാതെയാണ് ചരക്കുവാഹനങ്ങൾ നഗരത്തിലേക്കെത്തുന്നത്.
കർണാടകയിൽനിന്ന് വരുന്ന ചരക്കുവാഹനങ്ങൾ രാജീവ് ഗാന്ധി ബൈപാസ് വഴിതിരിച്ചുവിടുക പ്രായോഗികമല്ലെന്ന് നാട്ടുകാർ പറയുന്നു. ചുങ്കം ജങ്ഷനിൽനിന്ന് ഊട്ടി റോഡിലൂടെ കയറി വേണം ചരക്കുവാഹനങ്ങൾക്ക് രാജീവ് ഗാന്ധി ബൈപാസ് റോഡിലേക്ക് പ്രവേശിക്കാൻ. ചുങ്കം ജങ്ഷനിൽനിന്ന് ചരക്കുവാഹനങ്ങൾ ഊട്ടി റോഡിലേക്ക് പ്രവേശിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. ചുങ്കത്ത് തിരക്ക് വർധിക്കുമ്പോഴൊക്കെ പൊലീസ് സ്റ്റേഷൻ റോഡിലൂടെയും വാഹനങ്ങൾ പോകും. എങ്കിലും വലിയ പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഗാന്ധി ജങ്ഷനിൽനിന്ന് തുടങ്ങുന്ന റഹീം മെമ്മോറിയൽ വൺവേ റോഡിലും മിക്ക സമയത്തും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
നോ പാർക്കിങ് ഉൾപ്പെടെയുള്ള ബോർഡുകളുടെ അഭാവമാണ് പരിഷ്കരണം വൈകാൻ കാരണമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. ഓണക്കാലമായതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
കഴിഞ്ഞ ദിവസം ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നിരവധിപേർ എത്തിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെ പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നുണ്ട്.
ചുരത്തിൽ ഗതാഗത തടസ്സം നിത്യസംഭവം
വൈത്തിരി: വയനാട് ചുരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഗതാഗത തടസ്സമില്ലാത്ത ദിനങ്ങൾ ചുരുക്കം. അപകടങ്ങളും വാഹനങ്ങൾ കേടാവുന്നതുംമൂലം യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി. കഴിഞ്ഞ ഞായറാഴ്ച ഒന്നാംവളവിനു സമീപം ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ലോറിയുടെ ടാങ്ക് പൊട്ടി ഇന്ധനം റോഡിലൊഴുകിയത് പരിഭ്രാന്തിക്കിടയാക്കി. അഗ്നിരക്ഷാ സേനയെത്തിയാണ് ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തതും ഡീസൽ ഒഴുകിയ ഭാഗം ശുദ്ധീകരിച്ചതും.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ ആറാംവളവിന് താഴെ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. അന്നുതന്നെ രാത്രി 11ന് ഏഴാംവളവിന് സമീപം മരം കയറ്റിയ ലോറി കേടായതു മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പുലർച്ച മൂന്നിന് ജെ.സി.ബി ഉപയോഗിച്ച് ലോറി വശത്തേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചരക്കുലോറി ഏഴാം വളവിൽ കേടായതുമൂലം വീണ്ടും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശനിയാഴ്ച ബസ് തകരാറിലായതും വാരാന്ത്യ വാഹന ബാഹുല്യവും മൂലം ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

