വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകളും സഹോദരിയും പിടിയിൽ
text_fieldsഹൈറുന്നിഷ, ഹസീന
ഗൂഡല്ലൂർ: മയക്കുമരുന്ന് കേസിൽ ജയിലിൽ കിടക്കുന്ന സഹോദരീ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ അമ്മായിയമ്മയുടെ ആഭരണം കവരാൻ കൊലപാതകം നടത്തിയ മരുമകളും സഹോദരിയും പൊലീസിന്റെ പിടിയിലായി.
നെലക്കോട്ട കൂവച്ചോലൈയിലെ വീരപ്പൻ കോളനിയിലെ മുഹമ്മദിന്റെ ഭാര്യ മൈമൂനയാണ് (55) കൊല്ലപ്പെട്ടത്. മകൻ ഷറഫുദ്ദീന്റെ ഭാര്യയും മരുമകളുമായ ഹൈറുന്നിഷ (32), സഹോദരി ഹസീന (30)എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ഹസീനയുടെ ഭർത്താവ് നജ്മുദ്ദീൻ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ജാമ്യത്തിലിറക്കാൻ പണം ആവശ്യം വന്നപ്പോൾ അമ്മായിയമ്മയുടെ ആഭരണം കവരാൻ പദ്ധതിയിട്ടു. സ്വന്തം വീട്ടിലേക്കുപോയ മരുമകൾ ഹൈറുന്നിസ സഹോദരി ഹസീനയുമായി വെള്ളിയാഴ്ച ഉച്ചക്കുശേഷം ഭർതൃവീട്ടിലെത്തി കുക്കറുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കഴുത്തിലും കാതിലുമുള്ള ആഭരണങ്ങൾ മുറിച്ചെടുത്ത് മരണം കുക്കർ പൊട്ടിത്തെറിച്ച് എന്ന രീതിയിലാക്കി.
കൂടാതെ, പുരുഷന്മാർ കൊല നടത്തിയ രീതിയിൽ മൂന്ന് ബീഡിയും കത്തിച്ചുവെച്ചിരുന്നു. കത്തിച്ചശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഇവർ രക്ഷപ്പെട്ടു. ഭാര്യയെ ഏറെ നേരം ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് മുഹമ്മദ് എത്തി പരിസരവാസികളുടെ സഹായത്തോടെ വാതിൽ പൂട്ട് പൊളിച്ച് ഉള്ളിൽ കടന്നപ്പോഴാണ് സംഭവം കണ്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. സ്പെഷൽ ടീം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിൽ 26 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
കവർന്ന ആറ് പവൻ ആഭരണവും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൈമൂനയുടെ ഭർത്താവ് മുഹമ്മദ് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡാണ്. മക്കൾ: ഷറഫുദ്ദീൻ (ഗൾഫ്), സാബിറ, ബുഷ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

