ഹരിത തണലിലെ സ്നേഹവീടുകൾ...
text_fieldsമുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതർക്കുള്ള മുസ്ലിം ലീഗിന്റെ ഭവന പദ്ധതിയുടെ തറക്കല്ലിടൽ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു (ഫയൽ ചിത്രം)
ദുരന്തബാധിതരുടെയും അതിലൂടെ മനുഷ്യമനസ്സാക്ഷിയുടെയും കണ്ണുനീർ തുടക്കാൻ ആശ്വാസത്തിന്റെ കിരണങ്ങളുമായി മുസ്ലിം ലീഗ് ദൗത്യനിർവഹണത്തിലാണ്. ദുരന്തമുഖത്ത് സാന്ത്വനമായി പെയ്തിറങ്ങിയ പ്രസ്ഥാനം, ഇപ്പോൾ അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ലോകത്തിന് മുന്നിൽ സമർപ്പിക്കുന്നത്. വയനാട് ഉരുൾദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ലീഗ് നിർമിക്കുന്ന ഭവനങ്ങളിൽ 51 വീടുകളുടെ താക്കോൽ ദാനം ഇന്ന് നടക്കുകയാണ്. രാഷ്ട്രീയത്തിനും മതത്തിനുമെല്ലാം അപ്പുറം, മനുഷ്യത്വത്തിന് മാത്രം മുൻഗണന നൽകിയുള്ള ഈ പദ്ധതി ‘ഹരിത തണലിലെ സ്നേഹവീടുകൾ’ എന്ന പേരിൽ കേരളത്തിന്റെ ജീവകാരുണ്യ ചരിത്രത്തിലെ സുവർണ അധ്യായമായി മാറും.
വേർതിരിവില്ലാത്ത കാരുണ്യം ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായത് അതിന്റെ ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പിലാണ്. ഒരുതരത്തിലുള്ള വേർതിരിവുകളുമില്ലാതെ, ഏറ്റവും അർഹരായവർക്ക് മാത്രം തണലൊരുക്കുക എന്ന നയമാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. വേദനിക്കുന്നവന്റെ മതം നോക്കാതെ കൈപിടിച്ചുയർത്തുക എന്ന ദർശനമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും തിളക്കമുള്ള പേരാണ് ‘ബൈത്തുറഹ്മ’. കിടപ്പാടമില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ഇതിനകം വീടുകൾ നിർമിച്ചുനൽകിയത്. വീട് എന്നത് കേവലം നാല് ചുവരുകളല്ല, ഒരു കുടുംബത്തിന്റെ അന്തസ്സും സുരക്ഷയുമാണെന്ന തിരിച്ചറിവാണ് ബൈത്തുറഹ്മക്ക് പിന്നിലുള്ളത്. ലോകമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും തങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം മാറ്റിവെച്ചാണ് ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
മുസ്ലിം ലീഗിന്റെ സേവന പ്രവർത്തനങ്ങൾ ഭവന നിർമാണത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിവിധ മേഖലകളിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് പാർട്ടി നടത്തുന്നത്. സി.എച്ച് സെന്ററുകൾ വഴി കേരളത്തിലെ പ്രധാന മെഡിക്കൽ കോളജുകളും ആശുപത്രികളും കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും മരുന്നും താമസസൗകര്യവും ഉറപ്പാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും ഉന്നത പഠനത്തിനുള്ള സഹായങ്ങളും നൽകുന്നു. പ്രളയമായാലും ഉരുൾപൊട്ടലായാലും വൈറ്റ് ഗാർഡ് വളന്റിയർമാരുടെ സേവനം എല്ലായിടത്തുമെത്തുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞുപോയ സ്വപ്നങ്ങളെ വീണ്ടെടുക്കാനാണ് മുസ്ലിം ലീഗിന്റെ സ്നേഹ വീടുകൾ വള്ളിത്തോട്ടിലെ പുനരധിവാസ പ്രദേശത്ത് ഉയരുന്നത്. ഓരോ വീടും പ്രത്യാശയുടെയും അതിജീവനത്തിന്റെയും അടയാളങ്ങളാണ്. ശനിയാഴ്ചത്തെ താക്കോൽദാന ചടങ്ങിലൂടെ 51 കുടുംബങ്ങൾ തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കും. ജാതിയും മതവും പറഞ്ഞ് മനുഷ്യർക്കിടയിൽ മതിലുകൾ ഉയരുന്ന കാലത്ത്, സ്നേഹത്തിന്റെ പാലം പണിയുകയാണ് മുസ്ലിം ലീഗ്. ഹരിത പതാകയുടെ തണലിൽ ഒരുങ്ങുന്ന ഈ സ്നേഹവീടുകൾ മതേതര കേരളത്തിന് എന്നും അഭിമാനമാണ്.
മണ്ണും മനസും ഒരുപോലെ തകർന്നുപോയ ആ രാത്രിയിൽ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് പകച്ചുനിന്ന ഒരു ജനതക്ക് മുസ്ലിം ലീഗ് നൽകുന്നത് കേവലം കോൺക്രീറ്റ് വീടുകളല്ല; അവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യമാണ്. പാദമുറപ്പിക്കുന്ന മണ്ണും തലയ്ക്കു മുകളിലെ മേൽക്കൂരയും ഉരുൾ കവർന്നെടുത്തപ്പോൾ ലോകം അവസാനിച്ചിട്ടില്ലെന്ന് ഈ ഹരിത തണൽ വിളിച്ചുപറയുന്നു.
ഓരോ വീടിന്റെയും ഉമ്മറപ്പടി കടക്കുമ്പോൾ ആ കുടുംബങ്ങൾ അനുഭവിക്കുന്ന ആശ്വാസം, പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകളായുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ സാഫല്യമാണ്. നഷ്ടപ്പെട്ട സ്വപ്നങ്ങളെ വീണ്ടും തുന്നിച്ചേർക്കാനുള്ള ഒരിടം കൂടിയാണ് ഇവിടം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല.
മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുന്നവനാണ് യഥാർഥ മനുഷ്യൻ എന്ന തത്വം മുസ്ലിം ലീഗ് ഇവിടെ പ്രാവർത്തികമാക്കുകയാണ്. പെയ്തൊഴിഞ്ഞ മഴയ്ക്കും എല്ലാം മായ്ച്ച ഉരുളിനും ശേഷം, വയനാടിന്റെ മണ്ണിൽ സ്നേഹത്തിന്റെ പുത്തൻ പൂക്കൾ വിരിയുന്നു. സ്നേഹത്തിന്റെ സ്മാരകങ്ങളായ ഈ വീടുകൾ ഒരിക്കലും തോറ്റുപോകാത്ത മനുഷ്യത്വത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയായി മാറുന്നു.
ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാം -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ)
മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂർത്തമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾ പാർട്ടിക്കുണ്ട്. അതെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. മുസ്ലിം ലീഗിനെ വിശ്വസിക്കുന്ന സാധാരണക്കാരാണ് ഈ സ്ഥാപനങ്ങളുടെയെല്ലാം കരുത്ത്. അവർ നൽകുന്ന നാണയത്തുട്ടുകളിലാണ് അവയുടെ നിലനിൽപ്. മുണ്ടക്കൈ-ചൂരൽമല ദുരന്തം സംഭവിച്ചപ്പോൾ ക്രൗഡ് ഫണ്ടിങ് നടത്താനുള്ള ആത്മധൈര്യവും അതുതന്നെയായിരുന്നു.
പ്രതീക്ഷിച്ചപോലെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ മനസ്സറിഞ്ഞ് മുസ്ലിം ലീഗിന് ഫണ്ട് നൽകി. തുടക്കംതൊട്ട് ഉരുൾബാധിതർക്കൊപ്പം നിൽക്കാനും അവരുടെ സങ്കടങ്ങളെ ഏറ്റെടുക്കാനും മുസ്ലിം ലീഗിന് സാധിച്ചു. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും മുസ്ലിം ലീഗിന്റെ കാരുണ്യം അറിഞ്ഞു. സാമ്പത്തിക സഹായവും ഭക്ഷ്യകിറ്റുകളും മരുന്നും വസ്ത്രവുമെല്ലാം അവർക്ക് നൽകി. 105 വീടുകളാണ് അവർക്കുവേണ്ടി ഒരുങ്ങുന്നത്. അതിൽ 51 വീടുകളുടെ താക്കോൽദാനമാണ് ശനിയാഴ്ച നടക്കുന്നത്. ഈ മഹത്തായ പദ്ധതിയുമായി സഹകരിച്ചവർക്കെല്ലാം ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. സ്നേഹഭവനങ്ങളുടെ സമർപ്പണത്തോടനുബന്ധിച്ച് ‘മാധ്യമം’ പുറത്തിറക്കുന്ന സപ്ലിമെന്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തുടർന്നും നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
എല്ലാവരേയും ചേർത്തുനിർത്തുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി)
മുണ്ടക്കൈ-ചൂരൽമല ദുരന്തം എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു. അതിന്റെ ആഘാതത്തിൽനിന്ന് പലരും ഇപ്പോഴും മുക്തരായിട്ടില്ല. അത്രയും വലിയൊരു ദുരന്തം കേരളം കാണുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഉരുൾബാധിതരെ ചേർത്തുപിടിക്കാനും അവർക്ക് ആശ്വാസമേകാനും മലയാളികൾ ഒന്നിച്ചു. അതിന് കക്ഷിരാഷ്ട്രീയമോ മത-ജാതി വ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടൻ ചുരംകയറി ദുരിതബാധിതരെ ചേർത്തുപിടിച്ച പ്രസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്.
പ്രിയപ്പെട്ട സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരു ടീമായി നിന്ന് രക്ഷാപ്രവർത്തനം മുതലുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചു. ദുരിതബാധിതർക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും നൽകി ഒപ്പംനിന്നു. പുനരധിവാസത്തിന് മാത്രമായി പ്രത്യേകം ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ നേതൃത്വത്തിൽ ധനസഹായ വിതരണം, ഭക്ഷ്യകിറ്റ് വിതരണം, ചികിത്സാസഹായം തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്തു. 105 വീടുകളുടെ നിർമാണമായിരുന്നു അതിൽ പ്രധാനം. എത്രയും വേഗത്തിൽ വീടുകൾ നിർമിച്ച് കൈമാറുകയെന്നതായിരുന്നു ലക്ഷ്യം.
എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇപ്പോൾ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റം നടക്കുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി ‘മാധ്യമം’ പുറത്തിറക്കുന്ന സപ്ലിമെന്റിന് ആശംസകൾ നേരുന്നു. നിങ്ങളുടെയെല്ലാം സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയുടെ കൈത്തിരിയുമായ്... കെ.കെ. അഹമദ് ഹാജി (പ്രസിഡന്റ്, മുസ്ലിം ലീഗ് വയനാട് ജില്ല കമ്മിറ്റി)
വയനാടിന്റെ ചരിത്രത്തിലെ നൊമ്പര അധ്യായമായി മാറിയ ആ മഹാദുരന്തത്തിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല. മണ്ണും മലയും ഒലിച്ചുവന്ന ആ രാത്രിയില്‍ സർവതും നഷ്ടപ്പെട്ട് പകച്ചുനിന്ന ഒരു ജനതക്ക് മുന്നില്‍ പ്രതീക്ഷയുടെ കൈത്തിരിയുമായാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം എത്തിയത്. ദുരന്തത്തിന്റെ ആഴം പുറംലോകം അറിഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ വയനാടിന്റെ മണ്ണിലെത്തിയിരുന്നു.
‘ഇതൊരു വലിയ ദുരന്തമാണ്, ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏറ്റെടുക്കണം’ എന്ന ജില്ല കമ്മിറ്റിയുടെ അഭ്യർഥന ഹൃദയപൂർവം സ്വീകരിച്ച നേതാക്കള്‍, ‘എല്ലാത്തിനും ഞങ്ങള്‍ കൂടെയുണ്ടാകും’ എന്ന് നല്കിയ ആ വാക്കുകളില്‍ ഒരു ജനതയുടെ മുഴുവന്‍ അതിജീവനത്തിനുള്ള കരുത്തുണ്ടായിരുന്നു. വെറും ആശ്വാസവാക്കുകളില്‍ ആ ദൗത്യം അവസാനിച്ചില്ല; അന്നുതൊട്ട് ഇവിടം വരെ ഓരോകാര്യത്തിലും കൃത്യമായ ഇടപെടല്‍ നടത്തി. ‘നിങ്ങള്‍ ഭൂമി കണ്ടെത്തിക്കോളൂ, ബാക്കി നിര്‍മാണ പ്രവൃത്തികള്‍ ഞങ്ങള്‍ ഏറ്റെടുക്കാം’ എന്ന നേതൃത്വത്തിന്റെ ആഹ്വാനമാണ് ഇന്ന് ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തിയായ 51 വീടുകളടങ്ങുന്ന സമഗ്ര ഭവനസമുച്ചയം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. വയനാടിന്റെ മണ്ണില്‍ പുതിയൊരു പുലരി സമ്മാനിച്ച സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന്, സാദിഖലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനും മറ്റ് നേതാക്കള്‍ക്കും വയനാട്ടിലെ ജനതയ്ക്ക് വേണ്ടി ജില്ലാ കമ്മിറ്റി ഹൃദയംഗമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും സഹകരിച്ച പ്രവര്‍ത്തകര്‍ക്കും സുമനസ്സുകള്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

