ദുരിതം പെയ്തിറങ്ങുന്നു; ജില്ലയിൽ ഇന്നും നാളെയും അതിജാഗ്രത
text_fieldsനൂൽപ്പുഴ പുഴങ്കുനി കോളനിയിലുള്ളവരെ എൻ.ഡി.ആർ.എഫ് സംഘം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
കൽപറ്റ: തിങ്കളാഴ്ച രാത്രി മുതൽ പുലർച്ചവരെ ജില്ലയിലുണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് ശക്തമായ മഴ പെയ്തത്. സുൽത്താൻ ബത്തേരി, അമ്പലവയൽ, ചുള്ളിയോട് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴ പെയ്തു.
ചൊവ്വാഴ്ച പകൽ മാനന്തവാടി താലൂക്കിലും കൽപറ്റ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി മുതലുള്ള ശക്തമായ മഴയിൽ സുൽത്താൻ ബത്തേരി താലൂക്കിലാണ് വ്യാപക നാശമുണ്ടായത്. ചൊവ്വാഴ്ച രാത്രി മുതൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിലും ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നതും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതുമായ എല്ലാ കുടുംബങ്ങളെയും ചൊവ്വാഴ്ച വൈകീട്ട് ആറിനുള്ളിൽ ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല കലക്ടര്‍ എ. ഗീത തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടുവരെ ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തുന്നതിനായി ബുധനാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഓൺലൈനിൽ യോഗം ചേരും.
ദുരിതം പെയ്തിറങ്ങുന്നു
റെഡ് അലർട്ട് പ്രഖ്യാപിച്ച ചൊവ്വാഴ്ച അമ്പലവയൽ പഞ്ചായത്തിലാണ് അതിശക്തമായ മഴ പെയ്തത്. 115.5 മില്ലി മീറ്ററിനും 204.4 മില്ലി മീറ്ററിനും ഇടയിലായുള്ള അതിതീവ്ര മഴയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.
നൂൽപ്പുഴ, മീനങ്ങാടി, നെന്മേനി, മുപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, തൊണ്ടർനാട് പ്രദേശങ്ങളിൽ 64.5 മില്ലി മീറ്ററിനും 115.5 മില്ലി മീറ്ററിനും ഇടയിലായി ശക്തമായ മഴയും ലഭിച്ചു.
മറ്റിടങ്ങളിൽ 15.5 മില്ലി മീറ്ററിനും 64.4 മില്ലി മീറ്ററിനും ഇടയിലാണ് ചൊവ്വാഴ്ച മഴ പെയ്തത്. സുൽത്താൻ ബത്തേരിയിലും ശക്തമായ മഴ ലഭിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ല ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്.
മലയോര പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടല്‍/ലോഡ്ജുകളിലും താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ നല്‍കണം. ആവശ്യമായ സുരക്ഷക്രമീകരണങ്ങളും ഒരുക്കേണ്ടതാണ്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ടൂറിസം അധികൃതരും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. വനം വകുപ്പിന്‍റെ കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയും അറിയിച്ചു.
ചെമ്പ്ര പീക്ക്, മീൻമുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര സാഗർ അണക്കെട്ട് തുടങ്ങിയ ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് അടച്ചത്.
ഉദ്യോഗസ്ഥര്‍ ആസ്ഥാനം വിട്ടു പോകരുത്
ജില്ലയില്‍ അതിതീവ്ര മഴസാധ്യതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റവന്യൂ, തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ വികസനം, തൊഴില്‍, പൊതുമരാമത്ത് വകുപ്പുകള്‍, ബന്ധപ്പെട്ട മറ്റ് അടിയന്തരകാര്യ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫിസ് മേധാവികള്‍ അടക്കമുള്ള ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുതെന്ന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഓഫിസ് മേധാവിമാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

