കനത്ത മഴ: 117 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ
text_fieldsദേശീയപാത 766 കല്ലൂർ 67ൽ റോഡിലേക്ക് പൊട്ടിവീണ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു
കൽപറ്റ: ജില്ലയിൽ കാലവർഷം കനത്തതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടിയ കുടുംബങ്ങളുടെ എണ്ണം 117 ആയി. ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം വ്യാഴാഴ്ച 432 ആണ്. നിലവിൽ ഒമ്പത് ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കാപ്പുവയൽ ഗവ. എൽ.പി സ്കൂളിലും പേര്യ ഗവ. യു.പി സ്കൂളിലുമാണ് കഴിഞ്ഞദിവസം പുതുതായി ക്യാമ്പ് ആരംഭിച്ചത്.
പൊയ്യിൽ, തയ്യിൽ കോളനികളിലെ 51 പേരാണ് കാപ്പുവയലിലെ ക്യാമ്പിൽ കഴിയുന്നത്. കൈപ്പഞ്ചേരി കോളനിയിലെ മൂന്ന് കുടുംബങ്ങളെയും നടുവട്ടംകൊല്ലി കോളനിയിലെ അഞ്ച് കുടുംബങ്ങളെയും പേര്യയിലെ ക്യാമ്പിലേക്ക് മാറ്റി.
വെങ്ങപ്പള്ളി അമ്മസഹായം സ്കൂളിലെ ക്യാമ്പിലാണ് നിലവിൽ കൂടുതൽപേരുള്ളത്. ഇവിടെ 27 കുടുംബങ്ങളിലെ 116 പേരാണ് അഭയം തേടിയത്. വൈശ്യൻ കോളനിയിലെ 17 കുടുംബങ്ങളിലെ 85 പേർ കോട്ടത്തറ ജി.എച്ച്.എസ്.എസിലും മേപ്പാടി ജി.എച്ച്.എസിൽ എളമ്പിലേരിയിലെ 22 കുടുംബങ്ങളും മൂപ്പൈനാട് കടശ്ശേരി ആൾടർനേറ്റീവ് സ്കൂളിൽ പരപ്പൻപാറ കോളനിയിലെ എട്ട് കുടുംബങ്ങളിലെ 31പേരുമാണ് കഴിയുന്നത്.
ശക്തമായ കാറ്റിലും മഴയിലും നിരവധി അപകടങ്ങളാണ് കഴിഞ്ഞദിവസം സംഭവിച്ചത്. ദേശീയപാത 766 കല്ലൂർ 67ൽ റോഡിലേക്ക് മരം പൊട്ടിവീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാലവർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ ഉണ്ടായത്. രണ്ട് വീടുകൾ പൂർണമായും എഴുപതിലധികം വീടുകൾ ഭാഗികമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

