കെ.സി. പീറ്റർ, അഥവാ വലിയൊരു പച്ചത്തുരുത്ത്
text_fieldsകെ.സി. പീറ്റർ അമ്പുകുത്തി ജി.എൽ.പി സ്കൂളിലെ പച്ചത്തുരുത്തിൽ
കൽപറ്റ: സുൽത്താൻ ബത്തേരി അമ്പുകുത്തി ഗവ. എൽ.പി സ്കൂളിലെ പാർട് ടൈം സ്വീപ്പറാണ് മണിച്ചിറ സ്വദേശിയായ കെ.സി. പീറ്റർ. അദ്ദേഹത്തെ ഒറ്റവാക്കിൽ വലിയൊരു പച്ചത്തുരുത്ത് എന്ന് വിശേഷിപ്പിക്കാം. രാവിലെ എട്ടിന് സ്കൂളിലെത്തി പണി പൂർത്തിയാക്കി 11 മണിക്ക് പീറ്ററിന് സ്കൂളിൽനിന്ന് മടങ്ങാം. എന്നാൽ, രാവെന്നോ പകലെന്നോ അവധി ദിനങ്ങളെന്നോ ഇല്ലാതെ പീറ്റർ സദാസമയവും സ്കൂളിലുണ്ടാകും. കഴിഞ്ഞ 19 വർഷമായി ദിവസവും രാവിലെ ഏഴിന് എത്തി വൈകീട്ടാണ് 62കാരനായ പീറ്റർ സ്കൂളിൽനിന്ന് മടങ്ങുന്നത്. നേരത്തേ പോയാൽ വൈകീട്ട് വീണ്ടുമെത്തും. അങ്ങനെ വിശ്രമമില്ലാത്ത പീറ്ററിന്റെ കൈകളിലൂടെയാണ് സ്കൂളിന്റെ ചുറ്റുപാടുമുള്ള 90 സെന്റിലെ പച്ചത്തുരുത്ത് പന്തലിച്ചത്.
വേനലവധിക്കാലത്തും ഓണം, ക്രിസ്മസ് അവധിക്കും പീറ്റർ സ്കൂളിലെത്തി പച്ചപ്പ് പരിപാലിക്കും. സ്വയം കിളച്ചും കീറിയും നട്ടും നനച്ചുമാണ് അദ്ദേഹം ആ പച്ചപ്പൊരുക്കിയത്. ഇത്തരത്തിലുള്ള പച്ചത്തുരുത്ത് പരിപാലനത്തിനാണ് സംസ്ഥാന ഹരിത മിഷൻ ചൊവ്വാഴ്ച സംസ്ഥാന തലത്തിൽ പീറ്ററിനെയും ആദരിച്ചത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷിൽനിന്നാണ് പീറ്റർ പുരസ്കാരം ഏറ്റുവാങ്ങിയത്. ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, ഫലവൃക്ഷങ്ങൾ എന്നിവയടങ്ങിയ സ്കൂളിലെ പച്ചത്തുരുത്ത് 2019ലാണ് രൂപം കൊള്ളുന്നത്. പക്ഷെ, അതിനും വർഷങ്ങൾക്ക് മുന്നേ പീറ്ററുടെ അധ്വാനത്തിലൂടെ ഇവിടം കപ്പയും ചേനയും ചേമ്പും കാബേജും പയറും മറ്റും സമൃദ്ധമായി വിളയുന്നുണ്ടായിരുന്നു.
പീറ്റർ ഉള്ളതിനാലാണ് 90 സെന്റ് ഭൂമിയിലെ പച്ചത്തുരുത്ത് മികച്ച രീതിയിൽ നിലനിൽക്കുന്നതെന്ന് പ്രധാനാധ്യാപകൻ കെ.എൻ. ഷാജി പറയുന്നു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ ഉദ്യാനമായി 2019-20ൽ തിരഞ്ഞെടുക്കപ്പെട്ട അമ്പുകുത്തി ജി.യു.പി സ്കൂളിലെ പച്ചത്തുരുത്തിന് നെന്മേനി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടേത് ഉൾപ്പെടെ വേറെയും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

