ചൂട് കൂടുന്നു; പഴങ്ങൾക്ക് പൊള്ളുന്ന വില
text_fieldsഗൂഡല്ലൂർ: നീലഗിരിയില്‍ ചൂട് വർധിച്ചതോടെ പഴം, പഴ വർഗങ്ങൾക്ക് പൊള്ളുന്ന വില. നിലവില്‍ പഴങ്ങളുടെ സീസണല്ലാത്തതും വില വർധനക്ക് കാരണമാണ്. ആപ്പിള്‍, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് എന്നിവക്കാണ് ആവശ്യക്കാർ കൂടുതല്‍. ബംഗളൂരു, ദിണ്ടി വനം, മൈസൂരു, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങളെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർധനക്ക് കാരണമാണ്.
ഒരു കിലോ മുന്തിരിയുടെ വിപണി വില 150 രൂപയാണ്. ഇനത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ട്. നേരത്തേ 100 രൂപക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവില്‍ ഒരു കിലോക്ക് 80 രൂപയായി. വേനല്‍ക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന്റെ വില 28 ആണ്. വേനല്‍ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തനെത്തുന്നത്.
സീസണല്ലാത്ത സമയത്ത് തണ്ണിമത്തന് കിലോക്ക് 10 രൂപ വരെ വില കുറയാറുണ്ട്. നേരത്തേ 30 രൂപക്ക് ലഭിച്ചിരുന്ന നേന്ത്രപ്പഴത്തിന്റെ വില 80 ലെത്തി. നീലഗിരിയിലുള്ളതിനു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നേന്ത്രനും വിപണിയിലുണ്ട്. നീലമാമ്പഴമാണ് നിലവില്‍ വിപണിയില്‍ ലഭിക്കുന്നത്. ഇവക്ക് കിലോക്ക് 120 രൂപയാണ്.
നേരത്തേ സിന്ദൂരം, മൂവാണ്ടൻ ഇനത്തില്‍പ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസണ് അവസാനിച്ചതോടെ കിട്ടാനില്ലാതായി. ഇതിനിടെ തണ്ണിമത്തന് ചുവപ്പ് കൂടാൻ വേണ്ടി രാസപദാർഥം കുത്തിവെക്കുന്നത് പൊലീസ് പിടികൂടുന്നതായുള്ള വിഡിയോ വൈറലാണെങ്കിലും ചൂട് കാരണം തണ്ണിമത്തൻ വാങ്ങിക്കഴിക്കുന്നവർ ഇതെല്ലാം അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

