കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര; ജില്ലയിലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ
text_fieldsസുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശനി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജില്ലയിലെ സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കി. സ്ത്രീ യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിലെ മിക്ക റൂട്ടുകളിലും കലക്ഷനിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ രീതിയിൽ പോവുകയാണെങ്കിൽ സ്വകാര്യ ബസുകളുടെ എണ്ണത്തിൽ അധികം താമസിയാതെ വലിയ കുറവുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ പറയന്നു.
ബത്തേരി- കൽപറ്റ, ബത്തേരി- താളൂർ, ബത്തേരി- മാനന്തവാടി, കൽപറ്റ- മാനന്തവാടി, കൽപറ്റ- വടുവഞ്ചാൽ, ബത്തേരി- നമ്പ്യാർകുന്ന് എന്നിങ്ങനെ നിരവധി റൂട്ടുകളിലാണ് സ്വകാര്യ ബസുകൾ പ്രതിസന്ധി നേരിടുന്നത്. ദിവസം 12000 രൂപ കലക്ഷനുണ്ടായിരുന്ന ബസുകൾക്ക് പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. ഡീസൽ ചെലവും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞാൽ ഉടമക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.
ജില്ലയിലെ എല്ലാ റൂട്ടുകളിലും സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ ഓടാത്ത റൂട്ടുകളിൽ മാത്രമാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോൾ വലിയ പ്രശ്നമില്ലാത്തത്. സ്പെഷൽ സർവിസുകൾ ഓടിച്ചാൽ അവിടെയും കുഴപ്പമാകും. സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ ഓരോ 20 മിനിറ്റ് ഇടവിട്ടും കെ.എസ്.ആർ.ടിസി സർവിസുണ്ട്. കൽപറ്റ-മീനങ്ങാടി- ബത്തേരി റൂട്ടുകളിലും സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞു. സുൽത്താൻ ബത്തേരിയിൽനിന്ന് താളൂരിലേക്ക് എട്ടു സ്വകാര്യ ബസുകളാണുള്ളത്. കെ.എസ്.ആർ.ടി.സിയുടെ താളൂർ, അമ്പലവയൽ, തമിഴ്നാട് സർക്കുലർ ഉൾപ്പെടെ നിരവധി സർവിസുകൾ റൂട്ടിലുണ്ട്. ഇതോടെ സ്വകാര്യ ബസുകളുടെ കലക്ഷൻ കുറഞ്ഞു. ബത്തേരിയിൽ നിന്നുള്ള സർക്കുലർ സർവിസ് നമ്പ്യാർകുന്ന് റോഡിലെ സ്വകാര്യ ബസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പനമരം- നടവയൽ- കേണിച്ചിറ- ബത്തേരി റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ 10ലേറെ ബസുകൾ ഓടുന്നുണ്ട്. ആറെണ്ണം ബത്തേരി ഡിപ്പോയിലേതാണ്. സ്വകാര്യ ബസുകൾ 20ലേറെ വരും.
മാനന്തവാടി-നാലാംമൈൽ- പനമരം- കമ്പളക്കാട്- കൽപറ്റ റൂട്ടിൽ കെ.എസ്.ആർ.ടി.സി നിരവധിയുണ്ട്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ സീറ്റുമായാണ് ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ യാത്ര. അതേസമയം, പനമരത്തുനിന്ന് കൊയിലേരി വഴി മാനന്തവാടിക്ക് കെ.എസ്.ആർ.ടി.സി കുറവാണ്. സ്വകാര്യ ബസുകൾക്ക് ഇത് ആശ്വാസമാകുന്നുണ്ട്.
300ഓളം സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്. ആയിരത്തോളം തൊഴിലാളികൾ ഇതിൽ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ പകുതിയോളം ബസുകൾ ഈ മാസം 30ഓടെ ‘സ്റ്റോപ്പേജ്’ എഴുതിക്കൊടുത്ത് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യത്തിലാണെന്ന് സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. ഏതാനും ഉടമകൾ തീരുമാനം എടുത്തുകഴിഞ്ഞു. സർക്കാർ സ്വകാര്യ ബസുകളെ നിലനിർത്താൻ കാര്യമായി ഇടപെടേണ്ടതുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, വിദ്യാർഥികളുടെ സൗജന്യ യാത്ര നിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ സ്റ്റുഡൻസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ ചർച്ച ബുധനാഴ്ച കൽപറ്റ സിവിൽ സ്റ്റേഷനിൽ നടന്നു. വിദ്യാർഥി സംഘടന പ്രതിനിധികളും ബസ് ഉടമകളും പങ്കെടുത്തു. യോഗത്തിൽ വിദ്യാർഥി സംഘടന പ്രതിനിധികൾ വളരെ അനുഭാവപൂർവമാണ് ഇടപെട്ടതെന്ന് സ്വകാര്യ ബസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

