ഒടുവിൽ കൂട്ടിലായി: നാട്ടുകാർക്കും വനംവകുപ്പിനും ആശ്വാസം
text_fieldsകടുവയെ കുപ്പാടി പരിപാലന കേന്ദ്രത്തിൽ ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, വെറ്ററിനറി ഡോക്ടർമാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
പുൽപള്ളി: അമരക്കുനി മേഖലയെ ദിവസങ്ങളോളം വിറപ്പിച്ച കടുവ കൂട്ടലായതോടെ ജനത്തിന് ആശ്വാസം. എട്ടു വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് കഴിഞ്ഞ ദിവസം രാത്രി തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കൈക്കടക്കം പരിക്കേറ്റ നിലയിലാണ് കടുവ. അവശയായ കടുവയെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിൽ ചികിത്സക്കായി എത്തിച്ചു. കടുവ കൂട്ടിൽപെട്ടതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന ഭീതിക്കും ശമനമായി.
ജനവാസമേഖലയിൽ ഇറങ്ങിയ കടുവ 10 ദിവസത്തിനുശേഷമാണ് കൂട്ടിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ വീണത്. എല്ല ദിവസവും രാത്രി വൈകിവരെ കടുവക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം അമരക്കുനിയിൽ നിന്നായിരുന്നു കടുവ ആടിനെ പിടികൂടിയത്.
പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളിൽ അഞ്ച് ആടുകളെ ഈ പ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽനിന്നും കടുവ പിടികൂടിയിരുന്നു. ഓരോ ദിവസവും വനംവകുപ്പ് കൂടും കാമറകളും മാറ്റി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തൂപ്രയിലെ കൂട്ടിൽ കടുവ കുടുങ്ങിയതോടെ വനംവകുപ്പും ആശ്വാസത്തിലായി. തെർമൽ ഡ്രോൺ പറത്തി കടുവയെ എല്ലാ ദിവസവും നിരീക്ഷിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസം ഇതിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല.
നാട്ടിലാകെ പ്രതിഷേധം കനക്കുകയും ചെയ്തു. വനംവകുപ്പിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് വിവിധ സംഘടനകൾ നേതൃത്വം നൽകുകയും ചെയ്തു. കടുവയെ മയക്കുവെടിവെക്കാൻ സജ്ജമായി വിദഗ്ധ സംഘവും ഇവിടെ തമ്പടിച്ചിരുന്നു. നാല് കൂടുകളും 30ഓളം കാമറകളുമാണ് കടുവയെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചത്.
കടുവ ഭീതിയാൽ അമരക്കുനി, ദേവർഗദ്ദ, തൂപ്ര പ്രദേശങ്ങളിൽ കർഷകർക്ക് വിളവെടുക്കാൻ പോലും സാധിച്ചിരുന്നില്ല. വിദ്യാർഥികളും വയോജനങ്ങളും അടക്കം വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. മേഖലയിലെ സ്കൂളുകൾക്കും കുറേ ദിവസങ്ങൾ അവധി നൽകി. കഴിഞ്ഞ് ദിവസം രാത്രി കാറിൽ സഞ്ചരിച്ചിരുന്ന യാത്രികർ കടുവയെ നേരിൽ കണ്ടിരുന്നു. ഈ സംഭവത്തിനുശേഷം മണിക്കൂറുകൾക്കുള്ളിലാണ് കടുവ കൂട്ടിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

