സന്ദർശകർ കുറഞ്ഞ് കാന്തൻപാറ
text_fieldsകാന്തൻപാറയിലേക്കുള്ള റോഡ് തകർന്ന നിലയിൽ
മേപ്പാടി: ഉരുൾ ദുരന്തത്തിനുശേഷം കാന്തൻപാറയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്. ഒഴിവ് ദിവസങ്ങളിലൊഴികെ മറ്റ് പല ദിവസങ്ങളിലും സന്ദർശകർ പേരിനു മാത്രമേ ഉള്ളൂവെന്ന് അധികൃതർ പറഞ്ഞു. വരുമാനവും നാലിലൊന്നായി കുറഞ്ഞു. വർഷങ്ങളായി തകർന്നു കിടക്കുന്ന ഇവിടേക്കുള്ള റോഡും ഇവിടം സന്ദർശിക്കുന്നതിൽനിന്ന് സഞ്ചാരികളെ പിന്തിരിപ്പിക്കുന്നുവെന്നാണ് ആരോപണം.
റിപ്പൺ 52ൽനിന്ന് കാന്തൻപാറയിലേക്കുള്ള മൂന്ന് കി.മീ. റോഡ് കഴിഞ്ഞ നാലു വർഷത്തോളമായി കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഒരുകോടി രൂപ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും റോഡ് നന്നാക്കാൻ നടപടിയുണ്ടാകുന്നില്ല. വളരെ ബുദ്ധിമുട്ടനുഭവിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. ഒരിക്കൽ വന്നവർ പിന്നീട് വരാൻ മടിക്കുന്ന അവസ്ഥയാണ്. ഡി.റ്റി.പി.സിയുടെ നിയന്ത്രണത്തിലാണ് കാന്തൻപാറ വിനോദ സഞ്ചാര കേന്ദ്രം. 11 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 14 ലക്ഷം രൂപയായിരുന്നു 2024 ഏപ്രിൽ മാസത്തെ കാന്തൻപാറയിലെ വരുമാനമെങ്കിൽ 2025 ഏപ്രിലിൽ അത് നാലു ലക്ഷം രൂപ മാത്രമായി. സഞ്ചാരികൾക്ക് വിശ്രമിക്കാൻ മാർബിൾ ബെഞ്ചുകൾ, ടോയ് ലറ്റ്, വാഹന പാർക്കിങ് സൗകര്യം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
ഉരുൾ ദുരന്തത്തിനുശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലാകെത്തന്നെ മാന്ദ്യം അനുഭവപ്പെടുന്നതിന്റെ ഭാഗമാണ് കാന്തൻപാറയിലും സഞ്ചാരികളുടെ എണ്ണത്തിൽ വന്ന കുറവുണ്ടായതെന്നാണ് വിലയിരുത്തൽ. റോഡിന്റെ ശോച്യാവസ്ഥയും മറ്റൊരു കാരണമായി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തുടർച്ചയായി പ്രഖ്യാപിക്കുന്ന റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളും സന്ദർശകരെ പിന്തിരിപ്പിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

