വ്യാജ ഓൺലൈൻ ട്രെഡിങ്: 13 ലക്ഷം തട്ടിയ ഒഡിഷ സ്വദേശി പിടിയിൽ
text_fieldsകൽപറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നൽകി എൻജിനീയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. ഒഡിഷ, സത്യഭാമപ്പൂർ ഗോതഗ്രാം സ്വദേശി സുശീൽ കുമാർ ഫാരിഡയെയാണ് (31) പിടികൂടിയത്. ടെലിഗ്രാം വഴി മൂവിക്ക് റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്വെയർ എൻജിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്. 2024 മാർച്ച് മാസത്തിലാണ് പരാതിക്കാരിയെ ടെലിഗ്രാം വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി ഇയാൾ പണം തട്ടിയെടുത്തത്.
തട്ടിപ്പാണ് എന്ന് മനസ്സിലാക്കിയ പരാതിക്കാരി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ചെന്നൈ സ്വദേശിയായ ഓട്ടോ ഡ്രൈവറായ മുരുകൻ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒഡിഷക്കാരനായ സുശീൽ കുമാർ ചെന്നൈയിലെത്തി വ്യാജ കമ്പനിയുടെ പേരിൽ ചെറിയ തുക നൽകി ബാങ്ക് അക്കൗണ്ടുകൾ വാങ്ങി അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ മാറ്റി തട്ടിപ്പ് നടത്തിയതെന്ന സൂചന ലഭിച്ചത്.
തുടർന്ന് ഇയാൾ ഒഡിഷക്ക് തിരികെ പോയതായി മനസ്സിലാക്കിയ പൊലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിൽ എത്തിയതായി മനസ്സിലാക്കി കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെത്തി ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ആഡംബര കാറിൽ യാത്ര ചെയ്യവേയാണ് ഇയാളെ പിടികൂടിയത്. കാറും കാറിലുണ്ടായിരുന്ന നാലു ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.
മുംബൈയിൽ മോഡലിങ് നടത്തി വരുന്ന പ്രതി ആഡംബര ജീവിതത്തിനു വേണ്ടിയാണു തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചിലവഴിച്ചിരുന്നത്. തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തി കടലാസ് കമ്പനികൾ ആരംഭിച്ചു. സാധാരണക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അത് വഴിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയായി മറ്റിയെടുക്കുന്നത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ എ.വി. ജലീൽ, എ.എസ്.ഐമാരായ കെ. റസാക്ക്, പി.പി. ഹാരിസ്, എസ്.സി.പി.ഒ സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

