കാട്ടാനയാക്രമണത്തിൽ എന്തു കാട്ടാൻ
text_fieldsകാട്ടാന വീടിന് മുകളിലേക്ക് മറിച്ചിട്ട തെങ്ങ്
മൂഴിമല: മൂഴിമലയില്‍ കാട്ടാന ആക്രമത്തില്‍ വ്യാപക കൃഷിനാശം. കുഴിയോടിയില്‍ സന്തോഷിന്റെ വീടിന് മുകളിലേക്ക് സമീപത്തെ കൃഷിയിടത്തിലെ തെങ്ങും കമുകും മറിച്ചിട്ടു. വീട് ഭാഗികമായി തകര്‍ന്നു. സംഭവ സമയത്ത് വീട്ടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
ഒരാഴ്ചയായി ഒറ്റയാന് മൂഴിമല പ്രദേശത്തെ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. വടക്കേല്‍ മാത്യുവിന്റെ കൃഷിയിടത്തിലെ ഒമ്പത് നശിപ്പിച്ചത്. ഇയാളുടെ കൃഷിയിടത്തിലെ കമുക്, വാഴ തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. നെല്ലിക്കുന്നേല്‍ ജോസ്, ആലുങ്കല്‍ ടോമി, പുത്തന്‍പുരക്കല്‍ ബിജു തുടങ്ങിയ കര്‍ഷകരുടെ കൃഷിയിടങ്ങളിലും നാശനഷ്ടം വരുത്തി.
ബിജുവിന്റെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഷോക്ക് ഫെന്‍സിങ് കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ നെല്ലിക്കുന്നേല്‍ ജോസ് ഒറ്റയാന്റെ മുന്നില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പ്രദേശത്തെ നിരവധി കര്‍ഷകരുടെ നെല്‍കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വിശ്വനാഥന് ചിറയില്‍, ജോര്‍ജ് പീത്തുരുത്തേല്‍, ജോണി പരത്തനാല്‍ തുടങ്ങിയ കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. നിലവിലുണ്ടായിരുന്ന വൈദ്യുതവേലി പുതുക്കി നിര്‍മിക്കാൻ മാറ്റിയതിനാല്‍ കാട്ടാനകള്‍ക്ക് സുഗമമായി കൃഷിയിടത്തിലെത്താനാകും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വന്യമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മധ്യവയസ്കന് പരിക്ക്
കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്. മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് (51) പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ചിന്നന്റെ വാരിയെല്ലുകളും ഷോള്‍ഡറും പൊട്ടിയിട്ടുണ്ട്.
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബേഗൂര്‍ വനപാലകരും ആര്.ആര്.ടി സംഘവും സ്ഥലത്തെത്തി. ബാവലിയിലെ ഫോറസ്റ്റ് വാച്ചറായ ദേവിയുടെ ഭര്‍ത്താവാണ് ചിന്നന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

