കാറ്റിലും മഴയിലും വൻനാശം; മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു
text_fieldsദാസനകരയിൽ റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
കൽപറ്റ: ജില്ലയിൽ വേനൽ മഴ ശക്തമായി. പലയിടത്തും 50 മില്ലിമീറ്ററിന് മുകളില്‍ മഴപെയ്തു. കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശമുണ്ടായി. കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിവീണു. വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചിലസ്ഥലങ്ങളിൽ അഗ്നിരക്ഷസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത കാറ്റിൽ ദാസനകര, ഒണ്ടായങ്ങാടി, നീർവാരം എന്നീ സ്ഥലങ്ങളിൽ മരങ്ങൾ റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു.
മാനന്തവാടി അഗ്നിരക്ഷസേനയുടെ യൂനിറ്റുകൾ എത്തി റോഡിൽനിന്ന് മരങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തമായ കാറ്റിലും മഴയിലും മാനന്തവാടി-മൈസൂരു റോഡില്‍ ഒണ്ടയങ്ങാടി മുസ് ലിം പള്ളിക്ക് സമീപം കടക്ക് മുകളിൽ മരം വീണു. മൈതാനത്ത് വീട്ടില്‍ സലാമിന്റെ ചായക്കടയുടെ മുകളിലേക്കാണ് മരം കടപുഴകിയത്. കഴിഞ്ഞദിവസം പുലർച്ച രണ്ടോടെയായിരുന്നു സംഭവം.
മാനന്തവാടിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് തൂണുകളും ലൈനുകളും തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. കോട്ടത്തറയിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലും പുൽപളളിയിലും പരിസരങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടാി. നടവയൽ വണ്ടിക്കടവിൽ വീടിന്റെ മേൽകൂരയിലേക്ക് ഈട്ടിമരം വീണ് വീടിന്റെ ഒരുഭാഗം തകർന്നു. ഇഞ്ചിക്കാലായിൽ തോമസിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പുളിവേലിൽ ബാബുവിന്റെ വിറകുപുരയുടെ ഷീറ്റ് കാറ്റിൽ പാറിപ്പോയി. കൃപ നിധി കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിരവധി റബർ മരങ്ങൾ ഒടിഞ്ഞുവീണു.
മാനന്തവാടി താലൂക്കിൽ വ്യാപക നാശം
മാനന്തവാടി: ശനിയാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാനന്തവാടി താലൂക്കിൽ വിവിധയിടങ്ങളിൽ നാശം. വലിയ അപകടമോ ആളപായമോ ഇല്ല. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. പനമരത്ത് രണ്ടുവീടുകൾക്കും വെള്ളമുണ്ടയിലും തൃശ്ശിലേരിയിലും ഓരോവീടിനും ഭാഗികമായ നാശമുണ്ടായി. പലയിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികൾക്കും തൂണിനും മുകളിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി തടസ്സമുണ്ടായി. എരുമത്തെരുവ് ഗോരിമൂലയിൽ വീടിന്റെ മേൽക്കൂരയിൽ പാകിയ ഷീറ്റ് കാറ്റിൽ പറന്ന് സമീപത്തെ വീടിന് മേൽപതിച്ചു. തലപ്പുഴ ചുങ്കം ജുമാമസ്ജിദ് ഖത്തീബ് അബു താഹിർ ബാഖവി താമസിക്കുന്ന വീടിനാണ് കേടുപാട് സംഭവിച്ചത്. ഈസമയം വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. വീടിനുള്ളിൽ വെള്ളം കയറി വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ നശിച്ചു.
കമ്മന നെച്ചോളി ഉന്നതിക്കു സമീപം തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണു. കമ്മന താബോർ പള്ളിക്ക് സമീപം റോഡിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. പുലിക്കാട് സെന്റ് തോമസ് ദേവാലയത്തിനുസമീപം എച്ച്.ടി ലൈനിലേക്ക് കമുക് മറിഞ്ഞുവീണ് വൈദ്യുതി തടസ്സമുണ്ടായി. പിലാക്കാവ് അമ്പലങ്ങാടൻ അഷ്റഫിന്റെ വീടിനു മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് ഷീറ്റുകൾ തകർന്നു.
പുല്പള്ളി ഉദയക്കവല മനയ്ക്ക തോട്ടത്തില്‍ ബിജുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീടിന് കേടുപാട് സംഭവിച്ചു. കനത്ത കാറ്റിലാണ് വീടിനോട് ചേര്‍ന്ന തെങ്ങ് കടപുഴകിയത്. വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് സ്റ്റോര്‍ റൂം തകര്‍ന്നു. രണ്ടുലക്ഷത്തോളം രുപയുടെ നഷ്ടമുണ്ടായതായി ബിജു പറഞ്ഞു. ചുണ്ടക്കൊല്ലിയില്‍ ബാബുവിന്റെ ചായക്കട കാറ്റില്‍ തകര്‍ന്നു. കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷി നാശമാണുണ്ടായത്. കൃഷി വകുപ്പും റവന്യു വകുപ്പും കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

