ഓണമുണ്ണാൻ ചെലവേറും; പച്ചക്കറി വിലയിൽ കുതിപ്പ്
text_fieldsപിണങ്ങോട് ടൗണിലെ പച്ചക്കറികട
കൽപറ്റ: ഇത്തവണയും ഓണമുണ്ണാൻ ചെലവേറും. പതിവ് പോലെ ഓണക്കാലമായതിനാൽ പച്ചക്കറികൾക്കടക്കം വില കൂടിയിട്ടുണ്ട്. അതേസമയം, തക്കാളിക്കും മുരിങ്ങാക്കായക്കും പച്ചമുളകിനും വില കുറഞ്ഞിട്ടുമുണ്ട്. പ്രധാനമായും മൈസൂരു, ഊട്ടി, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറികൾ വയനാട്ടിലെത്തുന്നത്. ഊട്ടിയിൽനിന്നാണ് പ്രധാനമായും കാരറ്റ് ജില്ലയിലെത്തുന്നത്.
മഴകാരണം ഉത്പാദനത്തിലുണ്ടായ കുറവാണ് കാരറ്റിന്റെ വില ഉയരാൻ കാരണം. ആവശ്യം കൂടിവരുമെന്നതിനാൽ ഓണം അടുക്കുന്തോറും പച്ചക്കറികൾക്ക് ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കാരറ്റ്, പയർ, ബീൻസ്, കക്കിരി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയവക്കാണ് വൻതോതിൽ വില ഉയർന്നത്. നേരത്തേ കിലോക്ക് 70 രൂപമുതൽ 80 രൂപ വരെയുണ്ടായിരുന്ന കാരറ്റിന് 120 രൂപയാണ് വില. 60 രൂപയുണ്ടായിരുന്ന പയറിന്റെ വില 90 രൂപയാണ്. ബീൻസിന്റെ വില 60 രൂപയിൽനിന്ന് 80 രൂപയുമായി. വെളുത്തുള്ളി കിലോക്ക് ഇപ്പോൾ 250 രൂപ വരെയാണ് വില. ദിവസങ്ങൾക്ക് മുമ്പുവരെ 180 രൂപയായിരുന്നു വില.
കിലോക്ക് 80 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 100ന് മുകളിൽ ആയി. ഇഞ്ചിയുടെ വില 180 രൂപയിലുമെത്തി. കിലോക്ക് 60 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില ഇപ്പോൾ 100 രൂപയായി. വെള്ളരി, കുമ്പളം, മത്തൻ എന്നിവയുടെ വില കിലോക്ക് 20 രൂപയിൽ വലിയ മാറ്റമില്ല. വെണ്ടയുടെ വില 60 രൂപയായി തുടരുന്നുമുണ്ട്.
മറ്റുള്ളവക്ക് വില കൂടുമ്പോഴും തക്കാളി, മുരിങ്ങക്കായ, പച്ചമുളക് എന്നിവക്ക് വില കുറഞ്ഞത് ആശ്വാസമായി. കിലോക്ക് 20 രൂപയാണ് തക്കാളിയുടെ വില. 80 രൂപക്ക് മുകളിലുണ്ടായ മുരിങ്ങക്കായയുടെ വില കഴിഞ്ഞ ദിവസം 60 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മുരിങ്ങക്കായയുടെ വില 400 രൂപക്ക് മുകളിൽ എത്തിയിരുന്നു. കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന പച്ചമുളകിന്റെ വില കുറഞ്ഞ് 60 രൂപയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

