ഡിവൈഡറുകൾ സ്ഥാപിച്ചിട്ടും മരണ പാതയായി വാര്യാട്
text_fieldsദേശീയപാതയിൽ വാര്യാട് അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ
കൽപറ്റ: കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വാര്യാട് വേഗ നിയന്ത്രണത്തിനായി മൂന്നിടങ്ങളിലായി ഡിവൈഡറുകൾ സ്ഥാപിച്ചിട്ടും അപകടം തുടർക്കഥയാകുന്നു. വാര്യാട് മേഖലയിൽ കഴിഞ്ഞ 11 മാസത്തിനിടെ അഞ്ച് അപകടങ്ങളിലായി പത്തു പേരാണ് മരിച്ചത്.
അവസാനമായി ശനിയാഴ്ച നടന്ന അപകടത്തിൽ കൽപറ്റ എടപ്പെട്ടി സ്വദേശികളായ ഷെരീഫിനും അമ്മിണിക്കും ജീവൻ നഷ്ടമായി. ഇവർക്കൊപ്പമുണ്ടായിരുന്ന ചുള്ളിമൂല കോളനിയിലെ ശാരദക്ക് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രകനായ യുവാവിനും പരിക്കേറ്റു. ഡിവൈഡറുകൾ സ്ഥാപിച്ച ശേഷവും ചെറുതും വലുതുമായ അപകടങ്ങളുണ്ടായി. ഇവ സ്ഥാപിച്ചത് പല സമയത്തും കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
എതിരെ വരുന്ന വാഹനത്തിന് മുമ്പെ ഡിവൈഡർ കടക്കുന്നതിനായി വാഹനങ്ങൾ അമിത വേഗത്തിൽ മറികടക്കുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. ഡിവൈഡറുകൾക്കിടയിലെ അകലവും മറ്റും പരിശോധിച്ച് കർണാടകയിൽ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേത് പോലെ കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഇവിടെ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാര്യാട് ഏകദേശം നൂറു മീറ്ററിലധികം വ്യത്യാസത്തിൽ മൂന്നിടങ്ങളിലായാണ് വേഗ നിയന്ത്രണത്തിനായി ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഡിവൈഡറിന് മീറ്ററുകൾക്ക് അപ്പുറമാണ് ശനിയാഴ്ച അപകടമുണ്ടായത്. നേരെയുള്ള റോഡായതിനാൽ ഇതിലൂടെ വാഹനങ്ങൾ സാധാരണ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഡിവൈഡറുകളുണ്ടായിട്ടും ഈ വേഗം പലപ്പോഴും കുറക്കാനായിട്ടില്ല.
എന്നാൽ, ശനിയാഴ്ചത്തെ അപകടം ഇതുമൂലമല്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. സ്വകാര്യ പാർക്കിങ് ഏരിയയിൽനിന്നും അശ്രദ്ധമായി പ്രധാന പാതയിലേക്കെടുത്ത കാറിലിടിച്ചാണ് ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടതും എതിർ ദിശയിൽനിന്നും വന്ന ബസിലിടിക്കുന്നതും. നേരെയുള്ള പാതയായതിനാൽ തന്നെ കെ.എസ്.ആർ.ടി.സിക്ക് വേഗം കുറക്കാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.
കാർ ഡ്രൈവർക്കെതിരെ മീനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. 2022 നവംബറിലാണ് അപകടങ്ങള്‍ പതിവായ കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലെ മുട്ടില്‍ വാര്യാട് ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ചത്.
ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന വാര്യാട് മേഖലയില്‍ അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് മൂന്നിടങ്ങളിലായി ഡിവൈഡർ സ്ഥാപിച്ചത്. ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെ പതിവാണ്. നേരെയുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് ഇതുവഴി പോയിരുന്നത്. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തിയ സ്ഥലമാണ് വാര്യാട്.
പൊലീസിന്റെ ഇന്‍ര്‍സെപ്റ്റര്‍ വാഹനം അടക്കമുള്ളവ ഉപയോഗിച്ച് ഈ ഭാഗത്തെ അമിത വേഗക്കാരെ കണ്ടെത്തുന്ന ശ്രമം ദിവസവും ഉണ്ടായിരുന്നു. അപകട സാധ്യത മുന്നറിയിപ്പ് സൂചകമായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. എന്നാല്‍ തുടര്‍ന്നും ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ പതിവായിരുന്നു. ചിലത് ഒത്തുതീര്‍പ്പാക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

