എരുമത്തെരുവ്-ചൂട്ടക്കടവ് റോഡ് നിർമാണം ഇഴയുന്നു
text_fieldsനിർമാണം ഇഴയുന്ന എരുമത്തെരുവ്-ചൂട്ടക്കടവ് റോഡ്
മാനന്തവാടി: വർഷങ്ങളായി തകർന്ന് കിടന്നതിന് ശേഷം നിർമാണം ആരംഭിച്ച മാനന്തവാടി നഗരസഭ പരിധിയിലെ എരുമത്തെരുവ്-ചൂട്ടക്കടവ് റോഡ് നിർമാണം ഇഴയുന്നു. വർഷങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയതല്ലാതെ പിന്നീട് യാതൊരുവിധ അറ്റകുറ്റപ്രവൃത്തികളും റോഡിൽ നടത്തിയിരുന്നില്ല. 2018ലെ പ്രളയത്തിൽ റോഡ് പാടെ തകർന്ന് കുണ്ടുംകുഴിയുമായി മാറിയിരുന്നു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രപോലും ദുഷ്ക്കരമായി മാറിയിരുന്നു. നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ നിത്യേന കാൽനടയായി ഇതിലൂടെയാണ് യാത്ര ചെയ്യുന്നത്. ആരാധനാലയങ്ങളിലേക്കും ഇതിലൂടെയാണ് കടന്നുപോകുന്നത്. നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡ് കൂടിയാണിത്.
മാനന്തവാടി നഗരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെടുമ്പോൾ ഏറ്റവും സുഗമമായും എളുപ്പത്തിലും വാഹനങ്ങളെ കടത്തിവിടുന്ന പ്രധാന പാതകൂടിയാണിത്. റീ ബീൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചിലവഴിച്ചാണ് 1.720 മീറ്റർ ദൂരം നവീകരിക്കുന്നത്.
ടാറിങ്ങും കോൺക്രീറ്റുമുൾപ്പെടെ എട്ട് മീറ്റർ വീതീയിലാണ് പ്രവൃത്തികൾ നടത്തുന്നത്. എന്നാൽ, റോഡിന്റെ ഇരുഭാഗങ്ങളിലും മണ്ണെടുത്ത് റോഡ് ഉയരം കുറച്ചതല്ലാതെ മറ്റ് പ്രവൃത്തികളൊന്നും നടന്നിട്ടില്ല. രണ്ട് മാസത്തോളമായി ഇതേ അവസ്ഥയിലാണ്. അതേസമയം, 2023 ജനുവരിയോടുകൂടി പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

