എരുമക്കൊല്ലി ഗവ. യു.പി.സ്കൂൾ; വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വിവാദം
text_fieldsമേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് പുറത്തുവന്ന എൽ.ഡി.എഫ് അംഗങ്ങൾ
മേപ്പാടി: എരുമക്കൊല്ലി ഗവ. യു.പി സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിച്ചില്ലെന്നതിനാൽ പ്രവർത്തനം നിർത്തിവെക്കാനാവശ്യപ്പെട്ട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് വിവാദം. ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും യു.ഡി.എഫ് നേതൃത്വവും രംഗത്തുവന്നു. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 26 കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തനം നിർത്തിവെക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് തങ്ങളെ അറിയിച്ചിട്ടുപോലുമില്ലെന്ന് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി ആരോപിച്ചു. സെപ്റ്റംബർ അഞ്ചിന് ഇറക്കിയ ഉത്തരവ് 12നാണ് സ്കൂൾ അധികൃതർക്ക് ലഭിച്ചതെന്ന് പറയുന്നു. എന്നാൽ, ഗ്രാമപഞ്ചായത്തിന് ഉത്തരവിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എരുമക്കൊല്ലിയിൽ സ്കൂൾ പ്രവർത്തനം നിർത്തി കുട്ടികളെ മേപ്പാടി ഗവ. ഹൈസ്കൂളിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം. കെട്ടിടങ്ങളുടെ മേൽക്കൂര ആസ്ബെസ്റ്റോസ് ഷീറ്റ് മേഞ്ഞതാകയാൽ പ്രവർത്തനാനുമതി നൽകാൻ പാടില്ലെന്ന് 2016 മുതൽ സർക്കാർ ഉത്തരവുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാലാവകാശ കമീഷൻ ഉത്തരവാണ് ഇതിന് ആധാരമായിട്ടുള്ളത്.
ആസ്ബെസ്റ്റോസ് ഷീറ്റുകൾ മാറ്റി കെട്ടിടം റിപ്പയർ ചെയ്യുന്നതിന് രണ്ടര ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും അതിന് ഡി.പി.സി. ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. സാങ്കേതികാനുമതി വൈകിപ്പിക്കുന്നതാണ് പ്രവൃത്തി തുടങ്ങാൻ തടസ്സം. അതിനിടെ ഇങ്ങനെയൊരു ഉത്തരവിറക്കിയത് രാഷ്ട്രിയ പ്രേരിതമാണെന്നാണ് ഭരണസമിതിയുടെ ആക്ഷേപം.
നിലവിലുള്ള സ്കൂൾ വന്യമൃഗശല്യമുള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. വനത്തോട് ചേർന്നുള്ളതും പ്രദേശത്ത് ജനവാസമില്ല എന്നതും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് സ്കൂൾ മാറ്റണമെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുള്ളതാണ്.
താഴെ ഭാഗത്ത് എസ്റ്റേറ്റ് ഗ്രൗണ്ടിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റുന്നത് സംബന്ധിച്ച് സർക്കാറിനെ അറിയിക്കുകയും തുടർനടപടികൾ നടന്നുവരികയുമാണ്. അതിനിടയിൽ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

