തൊഴിലുറപ്പ് തട്ടിപ്പ്; തൊണ്ടർനാട് പഞ്ചായത്ത് ഭരണസമിതിയും പ്രതിക്കൂട്ടിൽ
text_fieldsമാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയും പ്രതിക്കൂട്ടിൽ. തട്ടിപ്പിൽ ഇടതു മുന്നണിയുടെ ഭരണസമിതിക്ക് കൈകഴുകാനാകില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് മുതല്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരവും ഭരണാനുമതിയും നല്‍കുന്നത് വരെയുള്ള ചുമതലകള്‍ ഭരണസമിതി കൃത്യമായി നിർവഹിക്കാതെ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതി താല്‍ക്കാലിക ജീവനക്കാര്‍ സ്വന്തം നിലയില്‍ നടത്തുന്ന സംവിധാനമായി മാറിയതായാണ് റിപ്പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന സൂചനകള്‍. ആക്ഷന്‍ പ്ലാനില്‍നിന്നും തന്‍വര്‍ഷ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് മുതല്‍ തുക നല്‍കുന്നത് വരെയുള്ള ഘട്ടംവരെ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പലരും ലംഘിച്ചു. വ്യക്തിഗത ഗുണഭോക്താക്കളെ ഗ്രാമസഭയില്‍നിന്ന് തിരഞ്ഞെടുക്കുകയോ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയോ ചെയ്തിട്ടില്ല.
പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി, ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കരാര്‍ തുടങ്ങി യാതൊന്നും നിഷ്കര്‍ഷിക്കുന്ന പ്രകാരം നടത്തിയിട്ടില്ല. പദ്ധതിക്കാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങുന്നത് സംബന്ധിച്ച് പ്രൊക്യൂര്‍മെന്റ് കമ്മിറ്റിയില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇതിനെല്ലാം നേതൃത്വം നല്‍കേണ്ട ഭരണസമിതി ഉത്തരവാദത്വ നിർവഹണം നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്തുവന്നതോടെ ഭരണ സമിതി ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സ്ഥിതിയിലാണ്.
പൊതുപ്രവൃത്തിയിലും തട്ടിപ്പുകള്‍
തൊണ്ടർനാട് പഞ്ചായത്തിലെ വ്യക്തിഗത ആസ്തിവികസനത്തിന് പുറമെ പൊതുപ്രവൃത്തിയിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഇണ്ട്യേരിക്കുന്ന്-വെള്ളമുണ്ട റോഡ് പ്രവൃത്തിയില്‍ മെറ്റീരിയല്‍ വിതരണം ചെയ്യാന്‍ ടെൻഡറെടുത്ത വെണ്ടര്‍ക്ക് 13,66,081 നല്‍കിയതിന് പുറമെ ഒരു മെറ്റീരിയലും സപ്ലൈ ചെയ്യാത്ത കരാറുകാരന് 63,187 രൂപ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടന്ന കാലയളവിലെ സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരും ചുമതലകള്‍ നേരാം വണ്ണം നിര്‍വഹിക്കാതെ ഡിജിറ്റല്‍ ഒപ്പ് കരാര്‍ ജീവനക്കാര്‍ക്ക് കൈമാറിയതാണ് രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെടാനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

