കാട്ടാനക്കൊലയിൽ പ്രതിഷേധമിരമ്പി
text_fieldsകാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മേപ്പാടി ടൗണിൽ സർവകക്ഷിയുടെ ആഭിമുഖ്യത്തിൽ നടന്ന റോഡ് ഉപരോധം
മേപ്പാടി: കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി മരിച്ച സംഭവത്തിൽ വൻപ്രതിഷേധം. ആക്രമണകാരിയായ ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സർവകക്ഷി ആഭിമുഖ്യത്തിൽ മേപ്പാടി ടൗണിൽ ഹൈവേ ഉപരോധിച്ചു. നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെത്തുടർന്നാണ് രാവിലെ 10.45ന് തുടങ്ങിയ പ്രതിഷേധം 11.15ഓടെ അവസാനിപ്പിച്ചത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ നാലുപേർ കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ സംഭവങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരത്തിനുള്ള നടപടികളുണ്ടായിട്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതേത്തുടർന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക് അലിയുടെ നേതൃത്വത്തിൽ സമര നേതാക്കളുമായി ചർച്ച നടന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഷ്റഫ് തെങ്ങലക്കണ്ടിയിലും സമരക്കാരുമായി ചർച്ച നടത്തി.
വിഷയത്തിൽ വനം വകുപ്പിന്റെ നഷ്ട പരിഹാരത്തുക 10 ലക്ഷം രൂപയിൽ അഞ്ചുലക്ഷം രൂപ ചൊവ്വാഴ്ച തന്നെ ബന്ധുക്കൾക്ക് കൈമാറുമെന്നും ഡി.എഫ്.ഒ അറിയിച്ചു. ബാക്കി അഞ്ചുലക്ഷം രൂപയും ജില്ല ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നാലുലക്ഷം രൂപയും ചേർത്തുള്ള തുക ഉടൻ കുടുംബത്തിന് കൈമാറുമെന്നും വനം വകുപ്പധികൃതർ പ്രഖ്യാപിച്ചു. ആക്രമണത്തിൽ മരിച്ച യുവതിയുടെ മക്കളിൽ ഒരാൾക്ക് താൽക്കാലിക സർക്കാർ ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ഇതേത്തുടർന്നാണ് ജനകീയ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തിന് കെ. വിനോദ്, കെ.കെ. സഹദ്, യൂനുസ്, ഷാജി മോൻ ചൂരൽമല, ബി. നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

