കനത്തമഴയിൽ പേര്യചുരം റോഡിൽ വീണ്ടും കല്ലും മണ്ണും ഒഴുകിയെത്തി
text_fieldsമലവെള്ളപാച്ചിലുണ്ടായ സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്യുന്നു
മാനന്തവാടി: ശനിയാഴ്ച ഉച്ചക്കുശേഷമുണ്ടായ കനത്ത മഴയിൽ വെള്ളത്തോടൊപ്പം കല്ലും മണ്ണും ഒഴുകിയെത്തിയതോടെ പേര്യചുരം റോഡിൽ വീണ്ടും ഗതാഗത തടസ്സമുണ്ടായി. ആഴ്ചകൾക്ക് മുമ്പ് ഉരുൾപൊട്ടിയ ഭാഗത്തുനിന്നുമാണ് ശനിയാഴ്ച വൈകീട്ടോടെ വലിയ തോതിൽ കല്ലും മണ്ണും പേര്യചുരം റോഡിലേക്ക് ഒഴുകിയെത്തിയത്. ഇതുകാരണമാണ് ചുരം റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായത്. ഇതേ തുടർന്ന് അധികൃതർ അതിവേഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഈ മഴക്കാലം തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് വയനാട് - കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേര്യചുരം റോഡിൽ സെമിനാരി വില്ലക്ക് സമീപം ഗതാഗത തടസ്സമുണ്ടാകുന്നത്. മൂന്നാഴ്ച മുമ്പാണ് ശക്തമായ മഴയിൽ രണ്ടിടങ്ങളിലായി ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്. ഇതോടെ മൂന്നു കിലോറ്ററോളം ദൂരത്തിൽ ചുരം റോഡിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകൂടിയിരുന്നു.
ഉരുൾപൊട്ടൽ കൂടാതെ പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെയുള്ള ആറ് കിലോമീറ്ററിനുള്ളിൽ 14 സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിരുന്നു. മലവെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് പലയിടങ്ങളിലായി ഇടിഞ്ഞുതാഴുകയും പൊട്ടിക്കീറുകയും ചെയ്തിരുന്നു.
റോഡിൽ ചില സ്ഥലത്ത് വലിയ കുഴികളും രൂപപ്പെട്ടിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവെക്കേണ്ടിവന്നു. രണ്ട് ദിവസത്തെ കഠിന പരിശ്രമത്തെ തുടർന്നാണ് ഭാഗികമായി ചുരം റോഡിൽ അന്ന് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പിന്നീട് ദിവസങ്ങൾക്കുശേഷം മഴ വീണ്ടും ശക്തമായതോടെ ചുരം ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിക്കുകയായിരുന്നു. അതിനുശേഷം ഒരാഴ്ച മുമ്പാണ് ഈ റോഡ് തുറന്നത്.
ശനിയാഴ്ച കനത്ത മഴ പെയ്തതോടെ വീണ്ടും ചുരം റോഡ് തടസ്സപ്പെടുകയായിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഉരുൾപൊട്ടൽ കാരണം നിലവിൽ പേര്യചുരം റോഡ് അപകടാവസ്ഥയിലാണ്. ഉരുൾപൊട്ടിയ ഭാഗത്തുനിന്നും ഇപ്പോഴും റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

