പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷം
text_fieldsകബനി നദി
പുൽപളളി: മേഖലയിൽ വരൾച്ച രൂക്ഷമാകുന്നു. കർണാടകയോട് ചേർന്ന് കിടക്കുന്ന മുളളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങൾ കരിഞ്ഞുണങ്ങുകയാണ്. കന്നാരം പുഴയിലും കടമാൻ തോട്ടിലും മുദ്ദള്ളി തോട്ടിലും നീരൊഴുക്ക് പലയിടത്തും നിലച്ചു. കബനി നദിയിൽ പലയിടത്തും പാറക്കെട്ടുകൾ തെളിഞ്ഞുതുടങ്ങി.
കാർഷിക വിളകളാണ് കനത്ത ചൂടിൽ കരിഞ്ഞുണങ്ങുന്നത്. കുരുമുളകും കാപ്പിയും കവുങ്ങും ഉൾപ്പെടെയുള്ള വിളകൾ വാടി തുടങ്ങി. ചിലയിടങ്ങളിൽ കരിഞ്ഞുണങ്ങാനും തുടങ്ങിയിട്ടുണ്ട്. ഈ അവസ്ഥ തുടർന്നാൽ ഈ മാസം പകുതിയോടെ തന്നെ വിളകൾ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മേഖലയിലെ ജല സ്രോതസ്സുകളിൽ ജലസേചന സൗകര്യത്തിനായി ഇരുപതോളം ചെക്ക് ഡാമുകൾ നിർമിച്ചട്ടുണ്ട്. ഇതിൽ നല്ലൊരു പങ്കും ഷട്ടറുകൾ ഇല്ലാത്തതിനാൽ വെള്ളം ഒഴുകി പോവുകയാണ്.
ഈ വെള്ളം കബനി നദിയിലേക്കാണ് എത്തിച്ചേരുന്നത്. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള അതിർത്തി ഗ്രാമങ്ങളിൽ വരൾച്ച രൂക്ഷമാണ്. കർണാടകയിൽ നിന്നുള്ള ചൂട് കാറ്റും കൃഷി കരിഞ്ഞുണങ്ങാൻ കാരണമാകുന്നു. വരും ദിനങ്ങളിൽ കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ നിന്നടക്കം വെള്ളം കൃഷി ആവശ്യങ്ങൾക്ക് തുറന്നുവിടുന്നതോടെ കബനിയിലെ നീരൊഴുക്കും കുറയും. കഴിഞ്ഞ വർഷം കബനിയിൽ നീരൊഴുക്ക് കുറഞ്ഞ സമയത്ത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള ജലവിതരണവും നിലച്ചിരുന്നു.
താൽക്കാലിക തടയണകൾ തോടിനുകുറുകെ ജനകീയ സഹകരണത്തോടെ മുൻ വർഷങ്ങളിൽ നിർമിച്ചിരുന്നു. ഇത്തവണ ഒരു ഏജൻസിയും ഇത്തരം പ്രവൃത്തികൾക്ക് മുൻതൂക്കം നൽകിയിട്ടില്ല. ഈ അടുത്ത് ചില രാഷ്ട്രീയ പാർട്ടികൾ മുദ്ദള്ളി തോട്ടിലും മറ്റും തടയണ കെട്ടി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തരം പ്രവൃത്തികൾ നടത്തണം എന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

