വരൾച്ചയുടെ പിടിയിൽ കുടിയേറ്റ മേഖല
text_fieldsനീരൊഴുക്ക് കുറഞ്ഞ കബനി നദി
പുൽപള്ളി: കുടിയേറ്റ മേഖല വരൾച്ചയുടെ പിടിയിലേക്ക്. കബനിയിലടക്കം ജലനിരപ്പ് താഴുന്നു. കർഷകർ ആശങ്കയിൽ. കേരള-കർണാടക അതിർത്തി പ്രദേശമായ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ചയുടെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. ഒരു മാസം മുമ്പുവരെ കബനി നദി ജലസമൃദ്ധമായിരുന്നു. കബനി നദിയിൽനിന്നുള്ള വെള്ളം ബീച്ചനഹള്ളി അണക്കെട്ടിൽ കർണാടക കെട്ടിനിർത്തിയിരുന്നു.
വേനൽ ശക്തമായതോടെ കാർഷികാവശ്യങ്ങൾക്കായി കർണാടക വെള്ളം ഇവിടെനിന്നും തുറന്നുവിടാൻ തുടങ്ങിയതോടെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ചേകാടി ഭാഗത്ത് കബനി പൂർണമായും മണലും പാറക്കെട്ടുകളും നിറഞ്ഞ നിലയിലായി. കബനിയുടെ കൈവഴികളായ കന്നാരംപുഴ, കടമാൻ തോട്, മുദ്ദള്ളിതോട് എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
മുള്ളൻകൊല്ലി പഞ്ചായത്തിലാണ് വേനലിന്റെ കാഠിന്യം മൂർച്ഛിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ കാർഷിക വിളകൾ കരിയാൻ തുടങ്ങിയിട്ടുണ്ട്. കിണറുകളിലടക്കം വെള്ളം താഴ്ന്നുകൊണ്ടിരിക്കുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ താപനില ഇനിയും കൂടും. വരൾച്ച ലഘൂകരണ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.