വരൾച്ച; തടയണ നിർമാണവുമായി കർഷകർ
text_fieldsകബനി പുഴയിൽ കർഷകർ നിർമിച്ച തടയണ
പുൽപള്ളി: വരൾച്ച രൂക്ഷമായതോടെ കബനി പുഴയിൽ തടയണ നിർമാണവുമായി കർഷകർ. പെരിക്കല്ലൂർ പാടശേഖരത്തിലെ കർഷകരാണ് കഴിഞ്ഞദിവസം കബനിക്ക് കുറുകെ വെള്ളം തടഞ്ഞു നിർത്താൻ തടയണ നിർമിച്ചത്. കബനി തീരത്തോട് ചേർന്ന് പെരിക്കല്ലൂരിൽ നിരവധി കർഷകർ നെൽകൃഷി ചെയ്യുന്നുണ്ട്. കൃഷി ആരംഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു. ഇതിനിടയിലാണ് കബനിയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നത്.
ജലസേചന സൗകര്യം ഒരുക്കിയില്ലെങ്കിൽ കൃഷി നശിക്കുമെന്ന അവസ്ഥയാണ്. കബനി നദിയിൽനിന്നും പെരിക്കല്ലൂരിലെ പമ്പു ഹൗസിലേക്ക് വെള്ളം അടിച്ചുകയറ്റിയാണ് കൃഷി സംരക്ഷിച്ചു പോരുന്നത്. പാറക്കെട്ടുകൾ നിറഞ്ഞതോടെ പുഴയിൽ ജലമൊഴുക്ക് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കർഷകർ മണൽ ചാക്കുകൾകൊണ്ട് വെള്ളം തടഞ്ഞുനിർത്താൻ നദിയിൽ തടയണ കെട്ടിയത്. ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ ജലനിരപ്പ് താഴുമെന്നാണ് കർഷകർ പറയുന്നത്.