കൽപറ്റ: വിവിധ ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ജില്ല ഫുട്ബാൾ അസോസിയേഷൻ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് സഫ്നാദ്, മുഹമ്മദ് റാഷിദ്, യു.എ.ഇയിൽ നടന്ന അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങളിലെ ഇന്ത്യൻ ടീം അംഗം അലക്സ് സജി, ഖേലോ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായ എം.ജി. സർവകലാശാല താരങ്ങളായ ഗിഫ്റ്റി ഗ്രേഷിയസ്, കെ. അഖിൽ, ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് സർവകലാശാല താരം പി. നജീബ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.
കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.വി. ഹംസ അധ്യക്ഷത വഹിച്ചു. കളിക്കാർക്കുള്ള മെമന്റോ വിതരണം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു. ജില്ലയിലെ ഫുട്ബാൾ ക്ലബ്ബ് സെക്രട്ടറിമാർ, മുൻ സന്തോഷ് ട്രോഫി താരങ്ങൾ, പഴയകാല കളിക്കാർ, ഫുട്ബാൾ കോച്ചുമാർ, ജില്ല ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പി.എസ്. പ്രവീൺ സ്വാഗതവും അസോസിയേഷൻ ട്രഷറർ ടി.ജെ. ജോണി നന്ദിയും പറഞ്ഞു.