അധികൃതരുടെ അവഗണന; വയോധികൻ കൂരയിൽ കഴിഞ്ഞത് പൊട്ടിയൊലിക്കുന്ന വ്രണവുമായി
text_fieldsസുരേഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നു
വടുവഞ്ചാൽ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് മൂന്ന് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത് എത്തിച്ച വയോധികൻ ടാർപോളിൻ ഷീറ്റ് കെട്ടിയ കൂരയിൽ കഴിഞ്ഞത് പൊട്ടിയൊലിക്കുന്ന വ്രണവുമായി. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ തുടരുന്ന പരപ്പന്‍പാറ ചോലനായ്ക്ക ഉന്നതിയിലെ സുരേഷ് (62) ആണ് ശരീരത്തിന്റെ പിൻഭാഗത്ത് പൊട്ടിയൊലിക്കുന്ന വലിയ വ്രണവുമായി ആരും ശ്രദ്ധക്കാനില്ലാതെ മൂന്ന് ദിവസം കഴിഞ്ഞത്. വയോധികൻ നരകയാതന അനുഭവിക്കേണ്ടി വന്നിട്ടും പട്ടിക വർഗ വകുപ്പ് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നാട്ടുകാരും സന്നദ്ധ സംഘടനയായ സൺറൈസ് വാലി റെസ്ക്യൂ ടീമിന്റെ ആളുകൾ പരിശോധനക്കായി ഉന്നതിയിലെത്തിയപ്പോഴായണ് ദയനീയ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്വ യോധികനെ ട്രൈബൽ ഉദ്യോഗസ്ഥരെത്തി കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്നും വയോധികന് മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
2024 മാര്‍ച്ച് 28നാണ് ഭാര്യ മിനിക്കും സുരേഷിനും നേരെ നിലമ്പൂര്‍ വനത്തില്‍ കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തിൽ സുരേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭാര്യ മിനി കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളജില്‍നിന്ന് സുരേഷിനെ ഉന്നതിയിലെത്തിച്ചത്. സുരേഷിന് വേണ്ട സാമ്പത്തിക സഹായമടക്കം ലഭ്യമാക്കുമെന്നും ആശുപത്രി വിട്ടാല്‍ പാലിയേറ്റിവ് കെയര്‍ സേവനം ഏര്‍പ്പെടുത്തുമെന്നും ട്രൈബല്‍ ഓഫിസര്‍ അറിയിച്ചു. ശാരീരികാവസ്ഥ മോശമായിട്ടും എന്തുകൊണ്ടാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തതെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

