പുനരധിവാസത്തിൽ നിന്ന് പുറത്ത്; കലക്ടറേറ്റിന് മുന്നിൽ സമരവുമായി ഉരുൾദുരന്ത ബാധിതർ
text_fieldsപുനരധിവാസത്തിൽനിന്ന് പുറത്തായ മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ
കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിൽ സർവതും നശിച്ചെങ്കിലും അശാസ്ത്രീയമായ സർക്കാർ മാനദണ്ഡങ്ങളിൽ കുരുങ്ങി പുനരധിവാസ ആനുകൂല്യങ്ങളിൽനിന്ന് പുറത്തായവരും വായ്പ എഴുതിത്തള്ളലിൽ ഉൾപ്പെടാത്തവരും സമരവുമായി കലക്ടറേറ്റിന് മുന്നിൽ. തിങ്കളാഴ്ചയാണ് ദുരന്തബാധിതരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധിപേർ കലക്ടേററ്റിന് മുന്നിലെത്തി പ്രതിഷേധിച്ചത്.
ദുരന്തഭൂമിയിലെ ദൂരപരിധി നിശ്ചയിച്ചപ്പോൾ സർക്കാറിന്റെ ടൗൺഷിപ്പിൽ ഭൂമി ലഭിക്കാത്തവർ, സർക്കാർ ബാങ്ക് ലോണുകൾ ഏറ്റെടുത്തപ്പോൾ പുറത്തായവർ എന്നിവരാണ് പ്രതിഷേധിച്ചത്.
രാവിലെ 10.30 ഓടെയാണ് നഗരത്തില്‍നിന്ന് പ്രകടനമായെത്തിയ 50ലധികം കുടുംബങ്ങള്‍ കലക്ടറേറ്റ് ഒന്നാംഗേറ്റില് ഉപരോധം തീര്‍ത്തത്. ദുരന്തസമയത്ത് മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, നിരവധി കുടുംബങ്ങള്‍ ഇപ്പോഴും പട്ടികയിൽ ഉള്‍പ്പെടാതെ പുറത്താണ്. ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിലും സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന് ഇവർ ആരോപിച്ചു.
നിലവില്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വായ്പക്കാരുടെ കണക്കില്‍ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങളുണ്ട്. ഇതനുസരിച്ച് 33 കോടി രൂപയോളമാണ് ബാങ്ക് വായ്പകള്‍ ഉള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എഴുതിത്തള്ളിയത് 18 കോടി രൂപയാണ്. ബാക്കി കുടുംബങ്ങളുടെ കടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
ദുരന്തം നേരിട്ട് ബാധിച്ച മുണ്ടക്കൈ, റാട്ടപ്പാടി, പടവെട്ടിക്കുന്ന്, അട്ടമല, കൊയ്നാക്കുളം പ്രദേശങ്ങളിലെ കുടുംബങ്ങളിലെ പലരെയും ഇതുവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാൽ ടൗൺഷിപ്പിൽ ഇവർക്ക് വീടും ലഭിച്ചില്ല. പൊലീസ് ബാരിക്കേഡ് കെട്ടി സമരക്കാരെ തടഞ്ഞെങ്കിലും ജില്ല കലക്ടറെ കാണാതെ പിന്തിരിയില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു. ഒടുവില്‍ ഉച്ചക്ക് 12.45ഓടെ കലക്ടറുടെ ചേംബറിലേക്ക് സമരക്കാരുടെ പ്രതിനിധികളെ വിളിപ്പിച്ച് ചര്‍ച്ച നടത്തി. അടുത്ത ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മറ്റുള്ള കുടുംബങ്ങളെകൂടി പരിഗണിച്ചുള്ള പട്ടിക തയാറാക്കി സര്‍ക്കാറിലേക്ക് അയക്കാമെന്ന് കലക്ടര്‍ ഡി.ആര്. മേഘശ്രീ ഉറപ്പു നല്കി.
ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യം ചൊവ്വാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്നും ഉറപ്പുനൽകി. ഈ യോഗത്തിലേക്ക് ദുരന്തബാധിതരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തും. ഇതോടെ ഉച്ചക്ക് 2.45 ഓടെയാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം, ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കൽപറ്റ ടൗൺഷിപ്പിന് മുന്നിൽ കുടിൽകെട്ടിയുള സമരം, ദേശീയപാത ഉപരോധിക്കൽ, ചൂരൽമലയിൽ ദുരന്തത്തിൽ നശിച്ച സ്ഥലത്ത് താമസം തുടങ്ങൽ തുടങ്ങിയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

