ജില്ലയിലെ എല്ലാ സ്കൂളുകളിലും ദുരന്തനിവാരണ ക്ലബ്
text_fieldsകൽപറ്റ: എല്ലാ സ്കൂളുകളിലും ദുരന്തനിവാരണ ക്ലബ് രൂപവത്കരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും ദുരന്തനിവാരണ ക്ലബ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു.
ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ വിദ്യാര്‍ഥികളായിരിക്കും ക്ലബിലെ അംഗങ്ങള്‍. കുട്ടികളില്‍ ദുരന്തനിവാരണം, ദുരന്ത പ്രതികരണം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ദുരന്ത സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണം എന്നിവയില്‍ വരും കാലത്ത് സമൂഹത്തിന് കരുതലാകുന്ന വിധത്തില്‍ സന്നദ്ധ സേവകരെ വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഡി.എം ക്ലബുകളുടെ ലക്ഷ്യം.
ആഗസ്റ്റ് രണ്ടാം വാരത്തോടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് വിദ്യാലയങ്ങളിലും ക്ലബിന്റെ പ്രവര്‍ത്തനം തുടങ്ങും. ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ക്ലബില്‍ ചേരാം. ഒരു സ്കൂളിൽനിന്ന് 40 വിദ്യാര്‍ഥികളെയാണ് ക്ലബിലേക്ക് പരിഗണിക്കുക. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർഥികളെ തെരഞ്ഞെടുക്കുക. ഒരു വിദ്യാലയത്തിലെ രണ്ട് അധ്യാപകര്‍ക്കായിരിക്കും ക്ലബിന്റെ ചുമതല നല്‍കുക.
സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ഒപ്പം ഓരോ മാസവും വിവിധ പരിപാടികൾ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തും. വര്‍ഷാവസാനം അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ജില്ല അടിയന്തര കാര്യനിര്‍വഹണ വിഭാഗം, വിദ്യാഭ്യസ ഉപഡയറക്ടര്‍, സ്കൂള്‍ പ്രധാനധ്യാപകര്‍ തുടങ്ങിയവര്‍ ക്ലബിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ജില്ല കലക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, ഫിനാന്‍സ് ഓഫിസര്‍ എ.കെ. ദിനേശന്, വിദ്യാഭ്യാസ ഓഫിസര്‍ കെ. സുനില്‍ കുമാര്‍, ഡി.എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ല അടിയന്തര കാര്യനിര്‍വഹണ വിഭാഗം ചാര്‍ജ് ഓഫിസര്‍ ഷാജി പി. മാത്യു, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ. കരുണാകരന് അഖില്‍ ദേവ് എന്നിവര്‍ ഡി.എം. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

