ഡിജിറ്റല്‍ വയനാട്: ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ കാമ്പയിൻ
text_fieldsകൽപറ്റ: ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്പൂർണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനപ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നല്‍കുന്നത്. ആഗസ്റ്റ് 15നകം സംസ്ഥാനത്തെ ബാങ്കിങ് ഇടപാടുകള്‍ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ പണ ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കാമ്പയിനിലൂടെ ഉറപ്പാക്കും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യു.പി.ഐ, ക്യു.ആര്‍ കോഡ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനം സാര്‍വത്രികമാക്കും. ബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇതില്‍ ഏതെങ്കിലും സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇടപാടുകാരെ പ്രാപ്തരാക്കും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ച് റിസര്‍വ് ബാങ്കിന്റെ യു.പി.ഐ 123 പേ സംവിധാനം ഉപയോഗപ്പെടുത്തിയും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമാകാം.
വയനാട് ഡിജിറ്റലിലേക്ക് എന്ന പേരിലാണ് ജില്ലയിലെ കാമ്പയിന്‍ നടക്കുന്നത്. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കാമ്പയിനിലൂടെ പരിചയപ്പെടുത്തും. ജനപ്രതിനിധികള്‍, ജില്ല ഭരണകൂടം, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടക്കുക. ജില്ലയിലെ സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ബാങ്ക് ശാഖ തലത്തിലും ഇടപാടുകാരിലേക്കും പ്രചാരണം എത്തിക്കും. നിലവില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 95 ശതമാനവും കറന്റ് അക്കൗണ്ടില്‍ 63 ശതമാനവും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
ഡിജിറ്റല്‍ ബാങ്കിങ് കാമ്പയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ആദിവാസി മേഖലകളിലും മാര്‍ക്കറ്റുകളിലും സാമ്പത്തിക സാക്ഷരത ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. ചെറുകിട, വഴിയോര കച്ചവടക്കാര്‍, ദിവസ വേതനക്കാര്‍, കര്‍ഷകര്‍ തുടങ്ങി എല്ലാ ജനവിഭാഗത്തെയും വേഗത്തിലും സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ പണം അയക്കാനും സ്വീകരിക്കാനും സജ്ജമാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ഡിജിറ്റല്‍ ബാങ്കിങ് നേട്ടങ്ങള്‍:
• 24 മണിക്കൂറും സേവനം
• പേപ്പര്‍ രഹിത ബാങ്കിങ്
• ഓണ്‍ലൈന്‍ ഷോപ്പിങ്
• സ്വകാര്യതയും സുരക്ഷിതത്വവും
• ബാങ്ക് ശാഖകളില്‍ പോകാതെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം
• കള്ളനോട്ടുകളുടെ പ്രചാരം തടയും
• പെന്‍ഷന്‍, ഗ്രാൻഡ് വിതരണം, നികുതികള്‍, സര്‍ക്കാര്‍ ഫീസുകള്‍,
വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവ അടക്കുന്നത് സുഗമമാകും
• നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള സംവിധാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

