ഡീസൽ ക്ഷാമം; വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ 'പണിമുടക്കുന്നു'
text_fieldsകൽപറ്റ: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഡീസൽ ക്ഷാമം രൂക്ഷമായി തുടരുമ്പോഴും പരിഹരിക്കാൻ നടപടിയില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ട്രിപ്പുകൾ വെട്ടിക്കുറക്കാൻ നിർദേശം നൽകുന്നതല്ലാതെ എണ്ണക്കമ്പനിക്കുള്ള കുടിശ്ശിക തീർത്ത് ഡീസലെത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തത് ജീവനക്കാർക്കിടയിലും അമർഷത്തിനിടയാക്കുകയാണ്. ഇനിയും ആവശ്യത്തിന് ഡീസലെത്തിയില്ലെങ്കിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിലക്കുന്ന സ്ഥിതിയിലാണെത്തുക. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ ട്രിപ് മുടങ്ങാത്ത സുൽത്താൻ ബത്തേരി ഡിപ്പോയിലും ഡീസൽ തീർന്നതോടെ വെള്ളിയാഴ്ച ഭൂരിഭാഗം സർവിസുകളും മുടങ്ങി. രാവിലെ 11ഓളം ട്രിപ്പുകളാണ് മുടങ്ങിയത്. ഉച്ചക്കുശേഷവും ഓർഡിനറി സർവിസുകൾ മുടങ്ങി. ദീർഘദൂര സർവിസുകളാണ് കാര്യമായി നടത്തിയത്. ഡീസലെത്തിയില്ലെങ്കിൽ ശനിയാഴ്ചയും കൂടുതൽ സർവിസുകൾ മുടങ്ങും.
സർവിസ് നടത്താതെയിട്ടിരിക്കുന്ന ബസുകളിൽ നിന്നടക്കം ഡീസൽ ഊറ്റിയെടുത്താണിപ്പോൾ പേരിനെങ്കിലും ബസുകൾ ഓടിക്കുന്നത്. കൽപറ്റ ഡിപ്പോയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11.30വരെ മൂന്ന് മൈസൂരുവിലേക്കുള്ള സർവിസുകൾ ഓപറേറ്റ് ചെയ്തു. ഓർഡിനറി സർവിസുകൾ കാര്യമായി ഓടിയില്ല. കൽപറ്റ, മാനന്തവാടി ഡിപ്പോകളിൽ വെള്ളിയാഴ്ച ഡീസലെത്തിയെങ്കിലും വൈകീട്ടോടെ തീർന്നു. ശനി, ഞായർ ദിവസങ്ങളിൽ ദീർഘദൂര സർവിസുകളുടെ എണ്ണവും കുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡീസൽ ക്ഷാമത്തിന്‍റെ പേരിൽ ട്രിപ്പുകൾ വെട്ടിക്കുറക്കുന്നത് പല റൂട്ടുകളിലും യാത്രക്ലേശം രൂക്ഷമാക്കും. ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവിസുകൾ ഉൾപ്പെടെ വെള്ളിയാഴ്ച വെട്ടിക്കുറച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഓർഡിനറി സർവിസുകൾ പകുതിയിലധികം വെട്ടിക്കുറച്ച് ദീർഘദൂര സർവിസുകൾ ആവശ്യത്തിന് മാത്രം സർവിസ് നടത്താനാണ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

