കാഞ്ഞിരത്തിനാൽ കുടുംബത്തിന് തിരിച്ചുകിട്ടുമോ സ്വന്തം ഭൂമി?
text_fieldsകല്പറ്റ: നിക്ഷിപ്ത വനഭൂമിയെന്നു കാട്ടി 49 വർഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരികെ കിട്ടുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം കലക്ടറേറ്റിന് മുന്നിൽ കുടിൽ കെട്ടി നടത്തുന്ന പോരാട്ടത്തിന് 10 വർഷം പിന്നിടുമ്പോൾ കലക്ടറുടെ പുതിയ റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം. കലക്ടര്‍ ഡി.ആര്. മേഘശ്രീ ലാന്‍ഡ് റവന്യൂ കമീഷണര്‍ മുഖേന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച പുതുക്കിയ റിപ്പോര്‍ട്ടാണ് കുടുംബത്തിന് പ്രതീക്ഷ നൽകുന്നത്.
കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്ന് കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇത് വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ 2015 ആഗസ്റ്റ് 15 മുതല്‍ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തിവരുകയാണ്.
തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238ല്‍ വിവിധ സബ്ഡിവിഷനുകളില്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഏറ്റെടുത്തതിൽ നിക്ഷിപ്ത വനഭൂമിയും കൃഷിസ്ഥലവും ഉള്‍പ്പെടുന്നുണ്ടെന്നും എന്നാല്‍, വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ വനം വകുപ്പില്‍നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്ത 12 ഏക്കര്‍ സ്ഥലവും തൊട്ടടുത്ത് വെസ്റ്റഡ് ഫോറസ്റ്റും തമ്മില്‍ രണ്ട് കിലോമീറ്റര്‍ ദൂരവ്യത്യാസമുണ്ടെന്ന് കലക്ടര്‍ നേരത്തേ അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ആവര്‍ത്തിക്കുന്നുണ്ട്.
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്നതടക്കം കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ല്‍ പലഭാഗങ്ങളിലായി 27.60 ഏക്കര്‍ ഭൂമി വനം വകുപ്പ് ഏറ്റെടുത്തതായി മുന്‍ കലക്ടര്‍ ഡോ. രേണുരാജ് 2023 നവംബര്‍ 16നും 2024 മെയ് മൂന്നിനും ലാന്‍ഡ് റവന്യൂ കമീഷണര്‍ മുഖേന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നൽകിയ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശപ്പെടുന്ന ഭൂമിയുടെ പടിഞ്ഞാറേ അതിര് തോടും മറ്റതിരുകള്‍ സ്വകാര്യ കൃഷിഭൂമികളുമാണെന്നും 11.25 ഏക്കറാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി നിലവിലെ കലക്ടറുടെ റിപ്പോര്‍ട്ട് തേടിയത്. നേരത്തേ നൽകിയതിൽ വിട്ടുപോയ കാര്യങ്ങളും ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശത്തിലുള്ള 12 ഏക്കറില്‍ 75 സെന്റ് കൃഷിഭൂമിയാണെന്ന് 1985 ഫെബ്രുവരി 18ന് ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 75 സെന്റ് ഭൂമി വനം വകുപ്പ് ഒഴിവാക്കുകയായിരുന്നു. നോട്ടിഫിക്കേഷന്‍, സ്കെച്ച് എന്നിവ വനം വകുപ്പില്‍നിന്നു ലഭ്യമാക്കണമെന്നു പുതുക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നമ്പര്‍ സഹിതം നോട്ടിഫിക്കേഷനും സ്കെച്ചും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടുകയും വനം വകുപ്പ് അവ ഹാജരാക്കുകയും ചെയ്യുന്നത് കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നത്തില്‍ നിര്‍ണായകമാകും. 2025 ഏപ്രില്‍ 21ന് ജില്ല കലക്ടർ പ്രസ്തുത ഭൂമി സന്ദര്‍ശിക്കുകയും കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളെ നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് മേയ് 28ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഭൂമി പ്രശ്നത്തില്‍ അടിയന്തര ജുഡീഷല്‍ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

